-->
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവനേതാവിന്റെ സമയദോഷം മാറാന്‍ ക്ഷേത്രത്തിലും പള്ളിയിലും വഴിപാട്. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായി വഴിപാടും പൂജയും നടത്തി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റെജോ വള്ളംകുളമാണ് പള്ളിയിലും ക്ഷേത്രത്തിലും ഒരുപോലെ വഴിപാട് നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറയുന്നു.
പുതുപ്പള്ളി പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാനയും നന്നൂര്‍ ദേവി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താര്‍ച്ചന എന്നിവയുമാണ് നടത്തിയത്. കേസിലാണ് അറസ്റ്റ്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികരണം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
നേരത്തേ അതിജീവിതയുമായുള്ള രാഹുലിന്റെ ചാറ്റും പിന്നാലെ ഭീഷണി സന്ദേശങ്ങളുടെമെല്ലാം പുറത്തുവന്നിരുന്നു. ഇതോടെ രാഹുലിന്റെ എംഎല്‍എ സ്ഥാനവും ഇപ്പോള്‍ തുലാസിലായിരിക്കുകയാണ്. പാര്‍ട്ടിയിലെ നേതാക്കളും രാഹുലിനെ തള്ളിയ മട്ടിലാണ് കാര്യങ്ങള്‍. ഇന്നലെ വൈകിട്ടായിരുന്നു പാലക്കാട്ട് വെച്ച് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്റിലേക്ക് വിട്ടത്.