-->
എടത്വാ: കുട്ടനാട് നിയമസഭ സീറ്റില്‍ പ്രാദേശികവാദം ഉന്നയിച്ച് യു.ഡി.എഫില്‍ തര്‍ക്കം. കേരളാ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് അവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് രംഗത്ത്.
കുട്ടനാടിന്റെ സമഗ്ര വികസനത്തിന് കുട്ടനാട്ടില്‍നിന്നുള്ള പൊതുപ്രവര്‍ത്തകന്‍ സ്‌ഥാനാര്‍ഥിയായി വരണമെന്നാണ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ തീരുമാനത്തെ എതിര്‍ത്ത് കേരളാ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുണ്ട്. കേരളാ കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് മുന്‍പേ ആര്‍.സി. ചാരിറ്റബിള്‍ ചെയര്‍മാന്‍ റെജി ചെറിയാനെ രംഗത്ത് അവതരിപ്പിച്ചിരുന്നു. പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും റെജി ചെറിയാന്‍ സജീവമായി പങ്കെടുത്തു വരികയാണ്. ഇക്കുറി ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതും നിയമസഭ സീറ്റ് മുന്നില്‍ കണ്ടാണ്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചമ്പക്കുളം ഡിവിഷന്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കിയാണ് 2021-ലെ നിയമസഭ സീറ്റ് കേരളാ കോണ്‍ഗ്രസ് എടുത്തത്. മത്സരത്തിന് തയാറായി നില്‍ക്കുന്ന റെജി ചെറിയാനെ പ്രാദേശികവാദം പറഞ്ഞ് കോണ്‍ഗ്രസ് എതിര്‍ത്താല്‍ എന്തുവില കൊടുത്തും കേരളാ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്താന്‍ ഉറച്ചാണ് നേതൃത്വം മുന്നോട്ടു പോകുന്നത്. കേരളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും മുന്‍ സ്‌ഥാനാര്‍ഥിയുമായ അഡ്വ. ജേക്കബ് എബ്രഹാം മൂന്നാം അങ്കത്തിനൊരുങ്ങുന്നതായി സൂചനയുണ്ട്. സീറ്റ് വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്ന സൂചനയായാണ് കേരളാ കോണ്‍ഗ്രസ് ജില്ല നേതൃത്വവും നല്‍കുന്നത്. കേരളാ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളും സീറ്റില്‍ കണ്ണുവെയ്‌ക്കുന്നതായാണ് സൂചന.
കോണ്‍ഗ്രസിനുള്ളിലും സീറ്റിനെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുന്നുണ്ട്. ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫിനെ അനുകൂലിച്ച് ഒരു വിഭാഗവും എ.ഐ.സി.സി അംഗം അനില്‍ ബോസിനെ അനുകൂലിച്ച് മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
ഇരുനേതാക്കളും മണ്ഡലത്തില്‍ സുപരിചിതരാണ്. പ്രാദേശിക വിഷയങ്ങളില്‍ സജി ജോസഫ് നിരന്തരം ഇടപെട്ട് മുന്നോട്ടുപോകുമ്പോള്‍ മറ്റൊരു നേതാവും സമീപ ദിവസങ്ങളില്‍ ചര്‍ച്ചയാകുന്നു. ജെ.എന്‍.യു. മുന്‍ പ്രസിഡന്റ് ഡോ. സിമി ജോസഫിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള സിമി ജോസഫിന് കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. സീറ്റ് നല്‍കിയെങ്കിലും നിഷേധിച്ചിരുന്നു. കുട്ടനാട്ടില്‍ സിമിയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.
എല്‍.ഡി.എഫിനു വിജയപ്രതീക്ഷയുള്ള കുട്ടനാട്ടില്‍ പക്ഷേ അനായാസജയമുണ്ടാകുമെന്ന് അവര്‍ കരുതുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം പഞ്ചായത്തും യു.ഡി.എഫാണു നേടിയത്. ആഴ്‌ചകള്‍ക്കുമുമ്പ് കുട്ടനാട് സീറ്റ് വിട്ടുനല്‍കുമെന്നറിയിച്ച് തോമസ് കെ. തോമസ് എം.എല്‍.എ. രംഗത്ത് വന്നെങ്കിലും പിന്നീടു തീരുമാനം പിന്‍വലിച്ചിരുന്നു. സി.പി.എം. കുട്ടനാട് സീറ്റില്‍ കണ്ണുവെയ്‌ക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. എന്‍.സി.പിയുടെ സ്‌ഥിരം സീറ്റില്‍ സി.പി.എം അവകാശവാദം ഉന്നയിച്ചില്ലെങ്കിലും തോമസ് കെ. തോമസ് പിന്‍മാറുമെന്ന പ്രസ്‌താവനയ്‌ക്കുശേഷം മത്സര രംഗത്ത് ഒരുപിടി നേതാക്കന്മാരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു.
യു.ഡി.എഫിലെ പടലപ്പിണക്കവും വിഭാഗീയതയും രൂക്ഷമായതോടു കൂടിയാണ് കുട്ടനാട് സീറ്റ് ആവശ്യപ്പെട്ട് തോമസ് കെ. തോമസ് എം.എല്‍.എ വീണ്ടും രംഗത്തെത്തിയത്. എന്‍.ഡി.എയില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് നേതൃത്വം നിര്‍ദേശിക്കുന്നത്. എസ്.എന്‍.ഡി.പി. യോഗത്തിനു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ വിജയസാധ്യതയും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ൈക്രസ്‌തവ വോട്ടുകളാണ് ഗതി നിര്‍ണയിക്കാറുള്ളത്. തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്ത് എത്തുമെന്ന് ബി.ഡി.ജെ.എസ്. ഉറപ്പ് നല്‍കിയിട്ടില്ല.