-->
തിരുവനന്തപുരം: താൻ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്‍റെ ഒപ്പമുള്ള ഒരു ചിത്രം റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് നേർക്ക് കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായതെന്നാണ് റോബിൻ പുതിയ വീഡിയോയിൽ പറയുന്നത്. പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ടെന്നും അതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും റോബിൻ പറഞ്ഞു.
ബിജെപിയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ സുരേന്ദ്രനെയും ഇഷ്ടമാണ്. നരേന്ദ്ര മോദി ലോകത്തിലെ തന്നെ ഏറ്റവും പവര്‍ഫുൾ ആയ ആളാണെന്നും റോബിൻ കൂട്ടിച്ചേർത്തു. ഇടത് പക്ഷമായാലും വലത് പക്ഷമായാലും അഴിമതി ഒന്നും ചെയ്യുന്നില്ലേ. ഇവരുടെ എല്ലാ പ്രവർത്തകരും നേതാക്കളും ചെയ്യുന്നതെല്ലാം ശരിയാണോ. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും പുച്ഛമാണ്. ഇത്ര പുച്ഛിക്കാൻ എന്താണുള്ളത്. ഭീഷണിപ്പെടുത്തുന്നവർക്ക് കേരളം ബിജെപി ഭരിക്കുമെന്ന് പേടിയാണെന്നും ഡോ. റോബിൻ കൂട്ടിച്ചേർത്തു.