-->
ഉപ്പുതറ: മത്തായിപ്പാറയില്‍ വീട്ടമ്മയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്‌ക്കു സമീപം മലേക്കാവില്‍ സുബിന്‍ (രതീഷ്-40) ആണ് മരിച്ചത്.
വീടിന് അര കിലോമീറ്റര്‍ അകലെ ആള്‍പ്പാര്‍പ്പില്ലാതെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിലാണ് ഇന്നലെ മൃതദേഹം കണ്ടത്.
കഴിഞ്ഞ ആറിനായിരുന്നു ഇയാളുടെ ഭാര്യ രജനിയെ തലയ്‌ക്കടിയേറ്റു മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഇരുമ്പുകമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളര്‍ന്നിരുന്നു. ആഴമേറിയ മുറിവില്‍നിന്നു രക്‌തം വാര്‍ന്നാണ് രജനി മരിച്ചത്.
കല്യാണം കഴിഞ്ഞതു മുതല്‍ സുബിനും രജനിയും തമ്മില്‍ വഴക്കു പതിവായിരുന്നു. പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടില്‍ പോയിരുന്നു. മര്‍ദനത്തെത്തുടര്‍ന്നു തറവാട്ടില്‍ പോയിരുന്ന രജനി ഒരു മാസം മുമ്പാണ് തിരിച്ചെത്തിയത്. ഇതിനുശേഷവും വഴക്കു പതിവായിരുന്നു. ഈ വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയതു സുബിനാണെന്നു പോലീസ് ഉറപ്പിക്കാന്‍ കാരണം.
തമിഴ്‌നാട്ടിലേക്കു കടന്ന സുബിന്‍ കഴിഞ്ഞ ഏഴിനു വൈകിട്ട് നാട്ടില്‍ തിരിച്ചെത്തിയെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. എട്ടിനു പുലര്‍ച്ചെ പഞ്ചായത്തംഗം ബിജു ചെംബ്ലാവനു സുബിന്‍ വാട്‌സാപ് കോള്‍ ചെയ്‌തിരുന്നു. വീടിനു സമീപം സുബിനെ കണ്ടതായും വിവരം ലഭിച്ചു. പ്രാദേശിക ചാനലിന്റെ വാര്‍ത്തയ്‌ക്കു താഴെ സുബിന്‍ കമന്റും ഇട്ടിരുന്നു. വിവരമറിഞ്ഞു പോലീസ് തെരച്ചില്‍ തുടങ്ങി.
പോലീസ് നായയുടെ സഹായത്തോടെയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ഒന്‍പതിനു സുബിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭിച്ചു. ഇതേത്തുടര്‍ന്നു കാടുപിടിച്ചു കിടക്കുന്ന സ്‌ഥലത്തെ കൊക്കയില്‍ തെരച്ചില്‍ നടത്താന്‍ പോലീസ് കുട്ടിക്കാനം കെ.എ.പി. ക്യാമ്പിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് റെസ്‌ക്യൂ സംഘത്തിന്റെ സഹായം തേടി. ഇവര്‍ നടത്തിയ പരിശോധനയിലാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ സുബിന്റെ മൃതദേഹം കണ്ടത്. 310 രൂപയും രണ്ടു പായ്‌ക്കറ്റ് സിഗരറ്റും ഐ.ഡി. കാര്‍ഡും ആധാര്‍ കാര്‍ഡും മുതദേഹത്തില്‍നിന്നു പോലീസിനു ലഭിച്ചു. ഇന്‍ക്വസ്‌റ്റിനുശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.