-->
കോട്ടയം: മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം ഫെബ്രുവരി എട്ടു മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്തു തയാറാക്കിയ പന്തലില്‍ നടക്കും. എട്ടിന് 2.30 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ഡോ. ക്ലിയോഫസ് ജെ. ലാറു, റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ, ബിഷപ് ഡോ. പോള്‍ സ്വരൂപ് എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 ന് ബൈബിള്‍ ക്ലാസുകള്‍ നടക്കും. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്‌തമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേത്യത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്‌നഹ്‌നയോഗങ്ങള്‍ വൈകിട്ട് ആറിന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് 7.30 ന് സമാപിക്കും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്‌ച 2.30 ന് ലഹരിവിമോചന സമ്മേളനവും സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള യോഗവും ഉണ്ടായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് യുവവേദി യോഗങ്ങള്‍ നടത്തും. ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഭാഷാ അടിസ്‌ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്‌മകള്‍ ഹിന്ദി ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും വെള്ളിയാഴ്‌ച ഇതേസമയം സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങള്‍ നടക്കും. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗമാണ്. കണ്‍വന്‍ഷനോടനുബന്ധിച്ച് കേരളത്തിലെ വിവിധ സ്‌ഥലങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്.
കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഇടവകമിഷന്റെ നേതൃത്വത്തിലും സംഘടനകളുടെ സഹകരണത്തിലും പള്ളികളിലും സമീപ സെന്ററുകളുടെ നേതൃത്വത്തില്‍ മാരാമണ്‍ മണല്‍പ്പുറത്തും ഒരുക്കപ്രാര്‍ഥനകള്‍ നടത്തും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലിന്റെ നിര്‍മാണം ആരംഭിച്ചു. ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാക്കും. മണല്‍പ്പുറത്തേക്കുള്ള മൂന്നു താല്‍ക്കാലിക പാലങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ റവ. എബി കെ. ജോഷ്വാ, സാം ചെമ്പകത്തില്‍, ടിജു എം. ജോര്‍ജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.