-->
ന്യൂയോര്‍ക്ക് : ഗ്രീന്‍ലാന്റിനെ തൊട്ടാല്‍ ആദ്യം വെടി...അതിന് ശേഷമേ ചോദ്യവും പറച്ചിലും ഉണ്ടാകു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഡന്മാര്‍ക്കിന്റെ മുന്നറിയിപ്പ്. ഗ്രീന്‍ലാന്റിന്റെ കാര്യത്തില്‍ പിടിച്ചെടുക്കാന്‍ സൈനിക നടപടിക്ക് മുതിരും എന്ന ട്രംപിന്റെ മുന്നറിയിപ്പ് പുറത്തുവന്നതോടെ യൂറോപ്പില്‍ ഉടനീളം ആശങ്ക ഉടലെടുത്തിരിക്കുകയാണ്. ഏതെങ്കിലൂം തരത്തിലുള്ള വിദേശ അധിനിവേശത്തെ അപ്പോള്‍ തന്നെ നേരിടുമെന്നും അതിനായി ഏതെങ്കിലൂം രാഷ്ട്രീയ ഇടപെടലിനോ മറ്റു നിര്‍ദേശങ്ങള്‍ക്കോ കാത്തിരിക്കില്ലെന്നും ഡെന്മാര്‍കക് പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിരിക്കുകയാണ്.
ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ സൈന്യവും സജ്ജമാണെന്ന് പ്രതിരോധമന്ത്രി ബെര്‍ലിന്‍സ്‌ക്കേയും പറഞ്ഞു. അധിനിവേശത്തെ അപ്പോള്‍ തന്നെ ചെറുക്കുന്ന കാര്യത്തില്‍ 1952 ല്‍ തന്നെ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. ഗ്രീന്‍ലാന്റിന്റെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് നടത്തുന്ന ഭീഷണി യൂറോപ്പിനെ ആകെമാനം ആശങ്കയിലാക്കിയിട്ടുണ്ട്്. ഇതോടെയാണ് കര്‍ശനമായ മുന്നറിയിപ്പ് ഡെന്മാര്‍ക്ക് പുറത്തുവിടുകയും ചെയ്തത്. ഏതെങ്കിലും തരത്തിലുള്ള അമേരിക്കന്‍ നീക്കം ഉണ്ടായാല്‍ ഡെന്മാര്‍ക്കിന് പിന്നില്‍ അണി നിരക്കാന്‍ തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടേയും തീരുമാനം.
അതേസമയം ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ജനതയെ പ്രലോഭിപ്പിക്കാനും അമേരിക്ക നീക്കം നടത്തുന്നുണ്ട്. ട്രംപ് ഭരണകൂടം നാട്ടുകാര്‍ക്ക് പണം നല്‍കാന്‍ ആലോചിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ലാന്‍ഡിലെ ജനതയ്ക്ക് 10,000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ ഒറ്റത്തവണ പേയ്മെന്റായി നല്‍കാനാണ് നീക്കം. മൊത്തം 57,000 പേരാണ് ഗ്രീന്‍ലഡിലുള്ളത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമേരിക്കന്‍ നടപടിയെ പ്രതിരോധിക്കുമെന്നും ഗ്രീന്‍ലണ്ട് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടുത്ത ആഴ്ച ചര്‍ച്ച നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കിയിട്ടുണ്ട്. യുഎസും ഡെന്‍മാര്‍ക്കും തമ്മില്‍ സര്‍ക്കാര്‍ തലത്തിലായിരിക്കും ചര്‍ച്ച. ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് സൈന്യം എപ്പോഴും തയാറാണെന്നായിരുന്നു ട്രംപിന്റെ മറുപടി.