-->
പൂനെ: ലോകപ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനും മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം പൂനെയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. പൂനെയിലെ പ്രയാഗ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വൈകുണ്ഠില്‍ നടക്കും. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ് അദ്ദേഹം.
1942 മെയ് 24 ന് പൂനെയില്‍ ജനിച്ച അദ്ദേഹം പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചു. പിന്നീട് ഗണിത പരിസ്ഥിതി ശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌ട്രേറ്റ് എടുത്തു. ഹാര്‍വാര്‍ഡില്‍ ഒരു എംബിഎം ഫെലോ ആയി. അപ്‌ളൈഡ് മാത്തമാറ്റിക്‌സില്‍ റിസേര്‍ച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയില്‍ 215 ഗവേഷണപ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ വ്യക്തിത്വമാണ് മാധവ് ഗാഡ്ഗില്‍. 2011 ല്‍ അദ്ദേഹം നടത്തിയ വിദഗ്ദ്ധപഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വലിയ ശ്രദ്ധയാണ് നേടിയത്. പിന്നീട് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നേരിട്ട പ്രകൃതിദുരന്തങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വലിയ ശ്രദ്ധ നല്‍കുകയും ചെയ്തിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായി നിരന്തരം പോരാടിയ വ്യക്തിയാണ്.
രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യയുടെ ജൈവവൈവിദ്ധ്യ കലവറയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ മുമ്പോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇന്നും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വലിയ ശ്രദ്ധ നേടിയിരുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയെ അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടിയിരുന്നു. വ്യവസായ വല്‍ക്കരണത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പശ്ചിമഘട്ടം നേരിടുന്ന കടുത്ത വെല്ലുവിളിയെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.