-->
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസില്‍ അതിജീവിതയെ കോടതി കക്ഷി ചേര്‍ത്തു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടതിന് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും.
അതിജീവിതയ്ക്ക് സത്യവാങ്മൂലം നല്‍കാന്‍ രണ്ടാഴ്ച സമയമാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്. അതേസമയം താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു.
കുടുംബപ്രശ്‌നത്തില്‍ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞിരുന്നു.