-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്‌ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്‌തു. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പിലാക്കി. 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയായി.ഏഴു ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തില്‍ അറിയിച്ചു. കമ്മിഷന്‍ സമര്‍പ്പിച്ച 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളുമാണ് സംസ്‌ഥാന സര്‍ക്കാര്‍ പരിഗണിച്ചത്. നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി പരിഗണിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ വേഗത്തില്‍ നടപടി പൂര്‍ത്തികരിച്ചതായി മുഖ്യമന്ത്രി യോഗത്തില്‍ വിലയിരുത്തി. മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നടപ്പാക്കാന്‍ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.