-->
റാന്നി: ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന മണിമണ്ഡപത്തിലെ കളമെഴുത്തും പാട്ടിനുള്ള പഞ്ചവര്‍ണ്ണ പൊടികള്‍ തോട്ടമണ്‍ കാവില്‍നിന്ന് കൈമാറി. ദേവസ്വം പ്രസിഡന്റ്‌് അഡ്വ.ഷൈന്‍ ജി.കുറുപ്പില്‍ നിന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം നാരായണവര്‍മ്മ ഏറ്റുവാങ്ങി.
പാരമ്പര്യമായി റാന്നി തോട്ടമണ്‍ കാവില്‍ നിന്നാണ് ശബരിമലയിലേക്ക് പഞ്ചവര്‍ണ്ണ പൊടികളും അനുബന്ധ സാധനങ്ങളും നല്‍കി വരുന്നത്. വാകപ്പൊടി, ഉമിക്കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കുങ്കുമം എന്നിവയാണ് പഞ്ചവര്‍ണ്ണ പൊടികള്‍. പന്തളം കൊട്ടാരത്തിന്റെ വകയായി ശബരിമല മകരവിളക്ക് ഉത്സവത്തിന് നടത്തുന്ന കളമെഴുതി പാട്ടിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
പന്തളം വലിയ തമ്പുരാട്ടി, റാന്നി കുന്നക്കാട്ട് കുറുപ്പന്മാര്‍ക്ക് പഞ്ചവര്‍ണ്ണ പൊടികള്‍ കൈമാറും. ശബരിമലയിലെ പ്രധാനപ്പെട്ട ഉത്സവമായ മകരവിളക്കിനോട് അനുബന്ധിച്ച് മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ ഭഗവാന്റെ 5 വ്യത്യസ്‌ത കളങ്ങള്‍ വരച്ച പൂജ നടത്തുന്നതാണ് കളമെഴുത്ത് പാട്ട്. ചടങ്ങില്‍ കൊട്ടാരം ട്രഷറര്‍ ദീപാവര്‍മ്മ, കുടുംബാംഗം വര്‍മ്മ കെ ജിഷ്‌ണു, ക്ഷേത്രം മേല്‍ശാന്തി അജിത് കുമാര്‍ പോറ്റി, കീഴ്‌ശാന്തി ജിഷ്‌ണു, ശബരിമല കളമെഴുത്ത് കര്‍മ്മി രതീഷ് കുറുപ്പ്, ദേവസ്വം സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ സി .എന്‍ പ്രസാദ്, കെ.ജി രാജീവ്, സന്തോഷ് പണിക്കര്‍, ബിനോജ് മോന്‍, സുനില്‍കുമാര്‍, പി.എസ് രഘു, ജയന്‍ മാളിയേക്കല്‍, ബിനു പുല്ലൂപ്രം, രാജേഷ് ചന്ദ്രലയം, രവി കുന്നക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.