-->
കാരക്കസ്: വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സാഹചര്യത്തില്‍ ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ കാരക്കസില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. വെനസ്വേലയുടെ വൈസ് പ്രസിഡന്റായിരുന്നു ഡെല്‍സിയെ വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ചേംബറാണ് താല്‍ക്കാലികമായി രാജ്യത്തിന്റെ ചുമതലയേല്‍പ്പിച്ചത്.
നിലവില്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റും ധനകാര്യ, എണ്ണ മന്ത്രിയുമായ 56 കാരി 2018 മുതല്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ്. ഹ്യൂഗോ ഷാവേസിന്റെ കാലം മുതല്‍ തന്നെ വെനസ്വേലയിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന നേതാവാണ് ഡെല്‍സി റോഡ്രിഗസ്. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സിക്ക് സൈന്യം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ ഡെല്‍സി, മഡൂറയെക്കാള്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണ ഖനികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ നിര്‍ണായക ഇടപാടുകളില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ട്രംപ് ആവശ്യപ്പെടുന്നത്. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ഡെല്‍സി എന്നതിനാല്‍ ഇനി നിര്‍ണായക രാജ്യാന്തര ഇടപെടലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
വെനസ്വേലയിലെ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുണ്ടായാല്‍ 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. എന്നാല്‍ മഡുറോയുടെ അഭാവം താല്‍കാലികമാണെന്നായിരുന്നു കോടതി നിരീക്ഷണം. ഇതോടെ ഡെല്‍സിക്ക് തെരഞ്ഞെടുപ്പ് കൂടാതെ മഡുറോയുടെ മോചനം വരെ അധികാരത്തില്‍ തുടരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.