-->
ചങ്ങനാശേരി: പാലാത്ര ബൈപാസില്‍ അജ്‌ഞാത വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. വാഴപ്പള്ളി പടിഞ്ഞാറ് നിഷാദ് സദനത്തില്‍ ശശിധരന്റെ മകന്‍ നിഷാദ്(38) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു സംഭവം. സഹോദരി പുത്രിയുടെ ജന്മദിനമായതിനാല്‍ കേക്ക് വാങ്ങി തിരികെ വീട്ടിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്. മതുമൂലയില്‍നിന്നു പാലാത്രയിലേക്കു വരികയായിരുന്നു നിഷാദ്.
ഈ സമയത്താണ് ഇതുവഴി എത്തിയ വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനു കാരണമായ വാഹനം നിര്‍ത്താതെ പോയി.
വാഹനം കണ്ടെത്താന്‍ പോലീസ് പരിശോധന ശക്‌തമാക്കി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സംഭവത്തില്‍ ചങ്ങനാശേരി പോലീസ് കേസെടുത്തു. ഭാര്യ: ആര്യമോള്‍. മകന്‍: ദിഹാന്‍, മാതാവ് സുമതി, സഹോദരങ്ങള്‍: നിഷ അഭിലാഷ്, പരേതയായ സരിത കണ്ണന്‍, സംസ്‌കാരം ഇന്നു വൈകിട്ട് നാലിനു വീട്ടുവളപ്പില്‍.