-->
ഇടത്പക്ഷം ആടിയുലഞ്ഞ കാലത്തും ഇടതിനെ ചേർത്ത് പിടിച്ച മണ്ഡലമാണ് പുനലൂർ. തുടര്‍ച്ചയായി 1957ലെ മണ്ഡല രൂപീകരണത്തിന് ശേഷം സിപിഐക്ക് അനുകൂലമായി വിധിയെഴുതുന്ന മണ്ഡലമെന്ന പ്രത്യേകതയും പുനലൂരിനുണ്ട്. 1957 മുതൽ 80 വരെ തുടര്‍ച്ചയായി സിപിഐ എംഎൽഎമാരാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചിരിക്കുന്നത്.
1982ലും 84ലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുനലൂരിൽ വിജയിച്ചിട്ടുണ്ടങ്കിലും പിന്നീട് പി.കെ. ശ്രീനിവാസനും പി. എസ്. സുപാലും കെ രാജുവും തുടര്‍ച്ചയായി പല തവണ വിജയിച്ചു. ഒരു തവണ കോൺഗ്രസിലെ പുനലൂർ മധുവിനെ പുനലൂർ ചേർത്തുപിടിച്ചുവെങ്കിലും പിന്നെ കോൺഗ്രസ് പച്ച തൊട്ടിട്ടില്ല. മണ്ഡലത്തിനുള്ളിലെ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും സാമുദായിക അടിസ്ഥാനത്തിലുള്ള അവകാശ വാദങ്ങളുമാണ് മുൻകാലങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകാറുള്ളത്.
പരസ്പരമുള്ള പാലംവലി കനത്ത തോൽവിയ്ക്കും വഴി വെച്ചു. ഒടുവിൽ പൊറുതിമുട്ടിയാണ് കോൺഗ്രസ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടി വന്നത്. മുസ്ലിം ലീഗ് രണ്ടു തവണയായി മത്സരിക്കുന്ന സീറ്റ് തിരിച്ചെടുത്ത് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണിപ്പോൾ കോൺഗ്രസ്. എൽ ഡി എഫിന്റെ പ്രത്യേകിച്ച് സി പി ഐ യുടെ പൊന്നാപുരംകോട്ട എന്തു വില കൊടുത്തും പിടിച്ചെടുക്കുക മാത്രമാണ് ലക്ഷ്യം. ഈഴവ വോട്ടുകൾ ഏറെയുള്ള പുനലൂരിൽ ഒരു ഈഴവ സ്ഥാനാർത്ഥിയെ ഇറക്കാനാണ് നീക്കം. മറ്റാരു വന്നാലും 'പാലം വലിക്കാൻ ' സാധ്യതയുള്ളതിനാൽ യുഡിഎഫ് കൺവീനർ സാക്ഷാൽ അടൂർ പ്രകാശിനെ മത്സരിപ്പികാനാണ് നീക്കം.