-->
രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടിയ, ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ‘സല്ലാപം’ എന്ന സിനിമയിലൂടെ നായികയായി മാറിയ മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. മൂന്നു വര്‍ഷമെന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങള്‍ മഞ്ജു വെള്ളിത്തിരയിലെത്തിച്ചു.
കരിയറിന്റെ പീക്ക് ടൈമില്‍ ദിലീപിനെ വിവാഹം ചെയ്ത്, മീനാക്ഷി എന്ന മകള്‍ ജനിച്ച ശേഷവും ലൈംലൈറ്റില്‍ നിന്ന് അകന്നു തന്നെയാണ് നിന്നത്. എന്നാല്‍ 16 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച താരം പിന്നീട് ഫിനിക്സ് പക്ഷിയെപ്പോലെയാണ് ഉയിര്‍ത്തെഴുന്നേറ്റത്. ശക്തമായ തിരിച്ചുവരവില്‍ വെള്ളിത്തിരയിലേക്കുള്ള മടക്കം മാത്രമല്ല ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും മഞ്ജു സാധ്യമാക്കി. മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം തിളങ്ങി നില്‍ക്കുന്ന താരത്തിന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും പ്രേക്ഷകര്‍ സമ്മാനിച്ചു.
സിനിമ പോലെ തന്നെ മഞ്ജുവാര്യര്‍ ഏറെയിഷ്ടപ്പെടുന്ന ഒന്നാണ് ബൈക്ക് റൈഡിംഗ്. ഒരു ബിഎംഡബ്ല്യു ആര്‍ 1250ജിഎസ് ബൈക്ക് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ തന്റെ ബൈക്ക് റൈഡിംഗ് ചിത്രങ്ങള്‍ മഞ്ജു പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതുവത്സരത്തില്‍ തന്റെ ബൈക്കില്‍ റൈഡിംഗ് ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
തന്റെ പ്രിയപ്പെട്ട ബി.എം.ഡബ്ല്യു സൂപ്പർ ബൈക്കില്‍ നഗരം ചുറ്റുന്ന മഞ്ജു, അതില്‍ അനായാസമായി അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും കാണാം. ‘‘ഓരോ അനുഭവത്തിനും നന്ദി, വരാനിരിക്കുന്ന എല്ലാറ്റിനെയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജു വാര്യര്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ധനുഷ് കോടിയിലൂടെയാണ് മഞ്ജുവിന്റെ സ്റ്റൈലൻ റൈഡ്. ഇരുന്നും നിന്നുമൊക്കെ കൂളായി ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാം. മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സഹതാരങ്ങളായ ഭാമ, സൗബിന്‍ ഷാഹിര്‍, വിജയ് യേശുദാസ്, അദിതി രവി, ശിവദ, നൂറിന്‍ ഷെരീഫ് എന്നിങ്ങനെ മിക്ക താരങ്ങളും ഫയര്‍ ഇമോജിയും ലവ് ഇമോജിയും കമന്റുകളിലൂടെ നല്‍കുന്നുണ്ട്.
ഒരു കാലത്ത് താൻ കൂട്ടിലടച്ച കിളിയെപ്പോലെയായിരുന്നുവെന്നും എന്നാല്‍ ഇന്ന് ആത്മവിശ്വാസത്തോടെ മുന്നേറാൻ സാധിക്കുന്നുവെന്നുമാണ് താരം വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നത്. വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിന്റെ ജീവിതം പലർക്കും പ്രചോദനമാണ്. പ്രതിസന്ധികളെ അതിജീവിച്ച് തന്റെ പാഷനുകള്‍ ഓരോന്നായി കീഴടക്കുകയാണ് താരം.
തമിഴ് താരം അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ ബൈക്കിംഗില്‍ സജീവമായത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയ്ക്ക് ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് മഞ്ജു നേടിയെടുത്തത്. തുടർന്ന് ബി.എം.ഡബ്ല്യു ആർ 1250 ജി.എസ് എന്ന കരുത്തൻ ബൈക്ക് താരം സ്വന്തമാക്കി. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബിഎംഡബ്ല്യു ആര്‍ 1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്. തുടക്കത്തില്‍ ഡ്രൈവിംഗില്‍ ചില പരിഭ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, പ്രൊഫഷണല്‍ റൈഡർമാരെപ്പോലെ ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്.
തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും നിരന്തരമായി പങ്കിടാറുണ്ടായിരുന്ന മഞ്ജു വാര്യര്‍, നടിയെ ആക്രമിച്ച കേസിലെ വിധി വന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ പുത്തന്‍ ഊര്‍ജ്ജത്തോടെ താരം തിരിച്ചെത്തിയതിന്റെ സന്തോഷം ആരാധകർ ആഘോഷമാക്കുകയാണ്.