-->
ചങ്ങനാശേരി: രാജ്യമെങ്ങും ഇപ്പോള്‍ സംഘടിതമായ ഗാന്ധി നിന്ദ നടക്കുകയാണെന്നു ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ഡോ. സിറിയക് തോമസ്.
ഇന്നലെ വരെ ഒളിഞ്ഞുനിന്നിരുന്ന ഗാന്ധി തമസ്‌കരണം ഇപ്പോള്‍ തെളിഞ്ഞുവരുന്നു. ഗാന്ധി മാര്‍ഗത്തില്‍ വിശ്വസിക്കുന്ന സര്‍വദേശഭക്‌തരും ഒന്നിച്ച് ഗാന്ധിജിയെ രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രതിഷ്‌ഠയായി നിലനിര്‍ത്തണം. ഈ ബാധ്യത കോണ്‍ഗ്രസിന്റേ മാത്രമല്ല. ഇടതുപക്ഷവും ഇതിനോട് മുഖം തിരിക്കരുത്. ഗാന്ധി നിന്ദയെ ചെറുക്കാനുള്ള കര്‍മസമരത്തിനു നേതൃത്വം നല്‍കാന്‍ എന്‍.എസ്.എസ്. മുന്നോട്ടു വരണം.- ഡോ. സിറിയക് തോമസ് പറഞ്ഞു. 149-ാമത് മന്നം ജയന്തി ആഘോഷം പെരുന്നയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സമുദായങ്ങള്‍ക്കു ക്ഷതം ഏല്‍പ്പിക്കാതെ നായര്‍ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് എന്‍.എസ്.എസ്. പ്രതിജ്‌ഞാവാചകത്തില്‍ എഴുതിച്ചേര്‍ത്തത് ഭംഗിക്കു വേണ്ടിയല്ല. ഹൃദയത്തിലെ ദേശീയ ചിന്തയുടെയും സര്‍വസമുദായ മൈത്രിയുടെയും അണയാത്ത സത്യമാണ്. അതു തമസ്‌ക്കരിക്കാന്‍ പാടില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കെ.കേളപ്പനും വൈക്കം സത്യാഗ്രഹത്തില്‍ മന്നത്ത് പത്മനാഭനും നേതാക്കളായി വന്നത് അവരുടെ ഹൃദയക്ഷേത്രത്തില്‍ കെടാതെ കൊണ്ടുനടന്നിരുന്ന ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും തീജ്വാലയുടെ ഫലമായാണ്. അവസാന ശ്വാസംവരെ അവര്‍ ഗാന്ധി ഭക്‌തന്മാരും ദേശീയവാദികളുമായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയെ കണ്ടെത്തിയത് ഗാന്ധിജിയാണ്. ആധുനിക ഇന്ത്യയുടെ രാഷ്‌ട്രീയ തേജസും ആത്മീയ തേജസും ഗാന്ധിജിയാണ്. ആചാരലംഘനത്തിനെതിരേ നാമജപ ഘോഷയാത്ര നടത്തിയാണ് എന്‍.എസ്.എസ് .പ്രതികരിച്ചത്. അതില്‍ രാഷ്‌ട്രീയം ഇല്ലായിരുന്നു. വിശ്വാസികളുടെ മനസില്‍ ആഴത്തിലുണ്ടായ മുറിവിനോടുള്ള പോസിറ്റീവായ ഇടപെടല്‍ ആയിരുന്നു. ആലോചനയോഗം പോലും വിളിച്ചുചേര്‍ക്കാതെ നടത്തിയ ചരിത്ര സംഭവമായി മാറി നാമജപ ഘോഷയാത്ര. ഇതിനെ മറ്റു പലരും രാഷ്‌ട്രീയമായിട്ടാണു കണ്ടത്. കേരള രാഷ്‌ട്രീയത്തിലെ സോഷ്യല്‍ എന്‍ജിനീയറിങ്ങിനെ എന്‍.എസ്.എസിന് സ്വാധീനിക്കാന്‍ കഴിയുന്നതുപോലെ മറ്റാര്‍ക്കും കഴിയില്ല.- അദ്ദേഹം പറഞ്ഞു.