Sunday, March 15, 2026 Last Updated 25 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

തുഞ്ചന്‍ ഉത്സവത്തിന്‌ തിരിതെളിഞ്ഞു എഴുത്തുകാര്‍ക്ക്‌ അതിജീവിക്കാനുള്ളത്‌ പുതിയ പ്രതിസന്ധി: കെ. ജയകുമാര്‍

തിരൂര്‍: എഴുത്തുകാര്‍ക്ക്‌ ഇനി അഭിമുഖീകരിക്കാനുള്ള പ്രതിസന്ധി എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊഴിമാറ്റം നടത്തിയുള്ള കവിതാരചനകളായിരിക്കുമെന്നും ഒരു ദശാബ്‌ദമെങ്കിലും ഈ പ്രതിസന്ധി നിലനില്‍ക്കുമെന്നും ഗാനരചയിതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റുമായ കെ. ജയകുമാര്‍.
ആധുനിക സാങ്കേതികവിദ്യ സമൂഹത്തില്‍ വലിയ നേട്ടങ്ങളാണുണ്ടാക്കുന്നത്‌. ചിലത്‌ ദുരുപയോഗത്തിലൂടെ മനുഷ്യനെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ തുഞ്ചന്‍ സ്‌മാരക പ്രഭാഷണത്തില്‍ നിര്‍മിതബുദ്ധിയും ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ജയകുമാര്‍.
അറിവുകള്‍ക്കായി എഴുത്തുകാര്‍ക്ക്‌ എ.ഐ. സാങ്കേതിതികവിദ്യയെ ആശ്രയിക്കാം. എന്നാല്‍ ഇതരഭാഷാ രചനകള്‍ മൊഴിമാറ്റം നടത്തി സ്വന്തമാക്കുന്ന പ്രവണതയും ഈ സാങ്കേതികവിദ്യയിലൂടെ തുടങ്ങിയിട്ടുണ്ട്‌. സര്‍ഗാത്മകതയില്ലാത്തവരാണ്‌ എ.ഐ സാങ്കേതിക വിദ്യയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്‌.
സര്‍ഗാത്മകത നഷ്‌ടപ്പെടാന്‍ ഈ രീതി വഴിയൊരുക്കും. കമ്പ്യൂട്ടറുകള്‍ വന്നതിലൂടെ എഴുത്തില്‍ വലിയ മാറ്റമുണ്ടായി. പഴയകാലത്തെ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികള്‍ വെട്ടിത്തിരുത്തലുകളോടെ ഉള്ളതായിരുന്നു. കാലം മാറിയതോടെ ഇവ ഇല്ലാതായി. ധര്‍മ്മം അനുഷ്‌ഠിക്കുന്നത്‌ കേ്ലശകരമാണെന്നും ധര്‍മ്മം കൈവിടാതെ എങ്ങനെ ജീവിക്കാനാകുമെന്നു ബോധ്യപ്പെടുത്തുന്ന മാര്‍ഗരേഖയാണ്‌ എഴുത്തച്‌ഛന്റെ അദ്ധ്യാത്മ രാമായണമെന്നും ജയകുമാര്‍ പറഞ്ഞു. നാലുദിവസം നീണ്ടുനില്‍ക്കുന്ന തുഞ്ചന്‍ ഉത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.
തമിഴ്‌ എഴുത്തുകാരന്‍ എസ്‌. രാമകൃഷ്‌ണന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മധുര മീനാക്ഷിയടക്കമുള്ള തമിഴ്‌നാട്ടിലെ ചില ക്ഷേത്രങ്ങളില്‍ ദേവതമാരുടെ ചുമലില്‍ കിളികളെ കാണാമെന്നും ഭക്‌തര്‍ വന്നു പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ ദേവിയോടു പറയുന്നത്‌ ഈ കിളികളാണെന്നാണു വിശ്വാസമെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എഴുത്തച്‌ഛന്റെ കിളി ഇതിഹാസത്തെ അറിയുന്ന കിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുഞ്ചന്‍ പറമ്പിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്‌ എം.ടി. വേദിയെന്ന്‌ കെ. ജയകുമാര്‍ നാമകരണം ചെയ്‌തു. അബ്‌ദുസമദ്‌ സമദാനി എം.പി. പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്‌തു. ദ്രുത കവിതാരചനാ മത്സരം, കവിസമ്മേളനം എന്നിവയും നടന്നു. ചലച്ചിത്രോത്സവം ഫാസില്‍ മുഹമ്മദും തുഞ്ചന്‍ കലോത്സവം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഉദ്‌ഘാടനം ചെയ്‌തു. രാഖി സതീഷിന്റെ ഭരതനാട്യം, വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം എന്നിവ അരങ്ങേറി.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW