-->
കൊച്ചി: കൊച്ചി നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തുന്ന പോലീസിന്റെ നടപടിയില്‍ പിഴവാരോപിച്ച് യുവാവ്.
ഒരു സ്‌ഥലത്തുനടന്ന നിയമലംഘനത്തിന്റെ ചിത്രമുപയോഗിച്ച് മറ്റൊരു സ്‌ഥലത്തും അതേ വാഹനം നിയമലംഘനം നടത്തിയെന്നു കാട്ടി പിഴ ചുമത്തിയെന്നാണു പരാതി. ടാര്‍ജറ്റ് തികയ്‌ക്കാന്‍ ഉദ്യോഗസ്‌ഥര്‍ കൃത്രിമമായി പിഴ ചുമത്തിയോ എന്ന സംശയമുന്നയിച്ചാണു പാലാരിവട്ടം സ്വദേശിയായ യുവാവ് സിറ്റി ട്രാഫിക് എ.സി.പിക്കു പരാതി നല്‍കിയത്.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറാണു പാലാരിവട്ടം സ്വദേശി തെങ്ങുംപള്ളി നെറ്റോ ഉപയോഗിക്കുന്നത്. കഴിഞ്ഞ 31 നു രാവിലെ 10.02 നു കലൂര്‍ ജങ്‌ഷനില്‍ നെറ്റോയുടെ കാര്‍ സീബ്രാലൈന്‍ ലംഘിച്ചെന്നു കാട്ടി ട്രാഫിക് പോലീസിന്റെ ചെലാന്‍ കിട്ടി. ഈ നിയമ ലംഘനം നെറ്റോ അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ ഡിസംബര്‍ 31 ന് തന്നെ ഉച്ചയ്‌ക്ക് 12.51 ന് നെറ്റോയുടെ അതേ കാര്‍ കച്ചേരിപ്പടി ജങ്‌ഷനില്‍ വീണ്ടും സീബ്രാ ലൈന്‍ ലംഘനം നടത്തിയെന്നു കാട്ടി മറ്റൊരു ചെലാന്‍ കൂടി നെറ്റോയ്‌ക്കു കിട്ടി.
എന്നാല്‍, ഈ സമയം തന്റെ വാഹനം എറണാകുളം സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെ പാര്‍ക്കിങ്ങിലായിരുന്നെന്നു നെറ്റോ പറയുന്നു. പാര്‍ക്കിങ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്‌തതിന്റെ രശീതും പാര്‍ക്കിങ് ലോട്ടില്‍നിന്ന് ലൊക്കേഷനും സമയവും രേഖപ്പെടുത്തി എടുത്ത ചിത്രവുമാണു തെളിവായി നെറ്റോ ചൂണ്ടിക്കാട്ടുന്നത്. കലൂര്‍ ജങ്‌ഷനിലെ ചിത്രം ഉപയോഗിച്ച് അതേ കാര്‍ കച്ചേരിപ്പടി ജങ്‌ഷനിലും നിയമലംഘനം നടത്തിയെന്നു പോലീസുദ്യോഗസ്‌ഥര്‍ വരുത്തിത്തീര്‍ക്കുകയായിരുന്നെന്നു നെറ്റോ ആരോപിച്ചു.