-->
തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗികവാഹനത്തില്‍ ഒപ്പം കൊണ്ടുപോയതു തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിക്കെതിരേ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി മുഷിഞ്ഞു. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍ എന്നായിരുന്നു മറുപടി.
വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് തെറ്റാണെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. താന്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് ശരിയാണ്. അതില്‍ ഒരു തെറ്റുമുള്ളതായി തോന്നിയിട്ടില്ല. ഇക്കാര്യം നേരത്തേ പറഞ്ഞതാണ്.ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി ക്ഷുഭിതനായി. ശബരിമല സ്വര്‍ണക്കവര്‍ച്ച താങ്കള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴല്ലേയെന്നും അതേക്കുറിച്ച് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയോട് ചോദിച്ചിരുന്നോയെന്നുമുള്ള ചോദ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇടയ്‌ക്കു കയറി സംസാരിക്കാന്‍ മുതിരരുതെന്നായിരുന്നു താക്കീത്. അന്വേഷണംനടന്നുകൊണ്ടിരിക്കുകയാണ്. ആരുടെ കാലത്താണ് തട്ടിപ്പ് നടന്നതെന്ന് അതുകഴിഞ്ഞ് തീരുമാനിക്കാം. ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ല. അന്വേഷണം നടക്കുന്നതു ഹൈക്കോടതി നിരീക്ഷണത്തിലാണ്. തന്റെ ഓഫീസ് ഒരുതരത്തിലുമുള്ള ഇടപെടല്‍ നടത്തുന്നില്ല. ചില ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതെന്നും പിണറായി പരിഹസിച്ചു.