Sunday, March 15, 2026 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.36 PM

കുറ്റവാളികളെ കണ്ടുപിടിക്കണം; അന്വേഷണത്തില്‍ പാളിച്ചയുണ്ടായാല്‍ മാത്രം ഇടപെടും: എന്‍.എസ്‌.എസ്‌.

uploads/news/2026/01/818607/k8.jpg

ചങ്ങനാശേരി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കവര്‍ച്ച സംബന്ധിച്ച്‌ എന്‍.എസ്‌.എസിന്‌ വ്യക്‌തമായ നിലപാടുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാരും കോടതിയും ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ അഖില കേരള നായര്‍ മഹാസമ്മേളനത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ കുറ്റവാളികള്‍ ആരായാലും അവരെ കണ്ടുപിടിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലോ അന്വേഷണത്തിലോ പാളിച്ച സംഭവിച്ചാല്‍ മാത്രം ഇടപെടുക എന്ന നിലപാടാണ്‌ എന്‍.എസ്‌.എസ്‌. സ്വീകരിച്ചത്‌. അതല്ലാതെ, രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ട്‌ നടത്തുന്ന എല്ലാ ദുഷ്‌പ്രചരണങ്ങളും തെറ്റാണെന്നാണ്‌ എന്‍.എസ്‌.എസ്‌ പറഞ്ഞത്‌.
ആചാരാനുഷ്‌ഠാനങ്ങള്‍ പഴയപോലെതന്നെ നിലനിര്‍ത്തുമെന്നുള്ള ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ്‌ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍.എസ്‌.എസ്‌്. പങ്കെടുത്തത്‌. എന്നാല്‍, പ്രക്ഷോഭത്തില്‍നിന്നു വിട്ടുനിന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്‍.എസ്‌.എസ്‌. നിലപാടിനെ രാഷ്‌ട്രീയമായി ചിത്രീകരിച്ചു. ശബരിമല വിശ്വാസസംരക്ഷണത്തില്‍ ആരുടെയും ഭീഷണിക്കുമുന്നില്‍ തലകുനിക്കില്ല. രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ഇക്കാര്യത്തില്‍ എന്‍.എസ്‌.എസിനെ കരുവാക്കാമെന്ന്‌ ആരും കരുതേണ്ട.
എന്‍.എസ്‌.എസിന്‌ രാഷ്‌ട്രീയമില്ല, എന്നാല്‍ അതിലുള്ള അംഗങ്ങള്‍ക്ക്‌ ഏതു രാഷ്‌ട്രീയവും സ്വീകരിക്കാം. ഈശ്വരവിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും എന്നും സംരക്ഷിക്കണമെന്ന നിലപാടാണ്‌ എന്‍.എസ്‌്.എസിനുള്ളത്‌. മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി 2, നെഗോഷ്യബിള്‍ ഇന്‍സ്‌ട്രമെന്റ്‌സ്‌ ആക്‌ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധിയായി പ്രഖ്യാപിച്ച സംസ്‌ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചു. സംഘടനയുടെ കഴിഞ്ഞകാലപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ തയാറാകാതെ സംഘടനയെയും നേതൃത്വത്തെയും വിമര്‍ശിക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഈ സമുദായത്തിലുണ്ട്‌. അത്തരം എതിര്‍പ്പുകളെല്ലാം എന്‍.എസ്‌.എസിന്റെ ഉയര്‍ച്ചയ്‌ക്കു സഹായകരമായിട്ടേയുള്ളു. സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്‌ സ്വന്തം സമുദായത്തില്‍തന്നെയുള്ള ചില ക്ഷുദ്രജീവികളാണ്‌. എന്‍.എസ്‌.എസിനെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെ നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച്‌ വ്യക്‌തിഹത്യ നടത്താനാണു ശ്രമം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടും.-ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്‌.എസ്‌ സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ നന്ദി പറഞ്ഞു.

Ads by Google
Thursday 01 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW