-->
കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍, ഇലക്‌ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയില്‍ പുതുവര്‍ഷത്തലേന്നും പുലര്‍ച്ചയിലും സഞ്ചരിച്ചത് 1,61,683 പേര്‍.
പുലര്‍ച്ചെ രണ്ടുവരെ സര്‍വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനില്‍ 1,39,766 പേരാണ് യാത്ര ചെയ്‌തത്. പുലര്‍ച്ചെ നാലുവരെ സര്‍വീസ് നടത്തിയ ഇലക്‌ട്രിക് ഫീഡര്‍ ബസില്‍ 6817 പേരും വാട്ടര്‍ മെട്രോയില്‍ 15,000 പേരും യാത്രചെയ്‌തു റെക്കോഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. കഴിഞ്ഞ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിന്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ചു. കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചതെന്നു കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 15 ഇലക്‌ട്രിക് ബസുകള്‍ വിവിധ റൂട്ടുകളില്‍ മെട്രോ സ്‌റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളെയും ബന്ധിപ്പിച്ചു സര്‍വീസ് നടത്തിയതും നേട്ടമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2017 ല്‍ സര്‍വീസ് തുടങ്ങിയ മെട്രോയില്‍ ഇതുവരെ 17.52 കോടിപ്പേര്‍ യാത്ര ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 36586194 ആയി വര്‍ധിച്ചു. ഡിസംബറില്‍ മാത്രം 32,68,063 പേരാണ് യാത്ര ചെയ്‌തത്.പതിവു സര്‍വീസിനു പുറമേ പുലര്‍ച്ചെ 5.10 വരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടില്‍ വാട്ടര്‍ മെട്രോ അധിക സര്‍വീസ് നടത്തിയിരുന്നു. ഇതിലൂടെ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്.