-->
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ മൂന്നു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പെരിന്തല്‍മണ്ണ ഏലംകുളത്തെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണു രക്ഷപ്പെട്ടത്. പ്രതിക്കായി കഴിഞ്ഞദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ എവിടേക്കാണു കടന്നതെന്നു ഒരു സൂചനയും ലഭിച്ചിട്ടില്ല. കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റാന്‍ഡ് തുടങ്ങിയ സ്‌ഥലങ്ങളിലെ സി.സി.ടിവി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് രക്ഷപ്പെട്ടത്.
2021ല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയായ ദൃശ്യയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസില്‍ അറസ്‌റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. മാനസിക അസ്വസ്‌ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.