-->
തൃശൂര്‍: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ചോദ്യംചെയ്‌തതു രഹസ്യമാക്കി വച്ച എസ്.ഐ.ടി, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യംചെയ്യാന്‍ പോകുന്നുവെന്നു വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ രാഷ്‌ട്രീയമുണ്ടെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
'എന്തിനുവേണ്ടിയാണു കടകംപള്ളിയെയും പ്രശാന്തിനെയും ചോദ്യംചെയ്‌തതു രഹസ്യമാക്കിവച്ചതെന്നു വ്യക്‌തമാക്കണം. തദ്ദേശസ്‌ഥാപനങ്ങളിലെ താത്‌കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം യുവജനങ്ങളോടു കാണിക്കുന്ന വഞ്ചനയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പായി പാര്‍ട്ടിക്കാര്‍ക്കു സുരക്ഷിതജോലി ഒരുക്കുകയാണ് ചെയ്യുന്നത്.
പി.എസ്.സി. പരീക്ഷയെഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞു നിയമനഉത്തരവ് കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയാണ് സംസ്‌ഥാന സര്‍ക്കാര്‍. ജോലി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍ എത്തുമ്പോള്‍ അഡൈ്വസ് മെമ്മോകളുടെ എണ്ണം കാണിച്ച് ഏറ്റവുമധികം ജോലി ഇന്ത്യയില്‍ നല്‍കുന്നത് സംസ്‌ഥാന സര്‍ക്കാരാണെന്ന് വാദിക്കുന്നത് വസ്‌തുതാവിരുദ്ധമാണ്. സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ എത്രയുണ്ടെന്നു തുറന്നുപറയാന്‍ തയാറാകണം. രാജ്യത്ത് ഏറ്റവുമധികം റിക്രൂട്ട്‌മെന്റ് നടത്തിയത് കേരളത്തിലെ പിഎസ്.സിയാണെന്ന സര്‍ക്കാര്‍ അവകാശവാദം തട്ടിപ്പാണ്
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉള്‍പ്പെടെ വ്യത്യസ്‌ത ബോര്‍ഡുകളാണ് അതത് ബോര്‍ഡുകളുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ നടത്തുന്നത്. ഇത്തരം നിയമനങ്ങള്‍ പിഎസ്.സിയുടെ കണക്കില്‍ ഉള്‍പ്പെടില്ല.
കണക്കുകള്‍ കൂടുതല്‍ പുറത്തുവന്നാല്‍ ആനയേക്കാളും വലുതാകാന്‍ ശ്വാസം ഉള്ളിലേക്കെടുത്ത് പൊട്ടിപ്പോയ തവളയുടെ അവസ്‌ഥയായിരിക്കും മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വരാനിരിക്കുന്നത്'- ജനീഷ് പരിഹസിച്ചു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ശബരിമല സ്വര്‍ണക്കൊള്ള, തൊഴില്‍ നിഷേധം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി ഈ മാസം ഏഴിനു കോഴിക്കോട് കടപ്പുറത്തു നടക്കുമെന്നും അദ്ദേഹം പറഞ്ഞു.