-->
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങള്‍ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികള്‍ക്കു പുതിയ ഉത്തരവാദിത്വങ്ങളായി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യമുക്‌തരായവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്നു പറഞ്ഞ മുഖ്യമന്ത്രി, സൂക്ഷ്‌മതയോടെ അതിദാരിദ്ര്യമുക്‌ത പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യകരമായ മത്സര ബുദ്ധിയോടെ തദ്ദേശ സ്‌ഥാപനങ്ങള്‍ ഇത് ഏറ്റെടുക്കണം. നാടിനെ മാലിന്യമുക്‌തമാക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
'ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേര്‍തിരിവ് തദ്ദേശ സ്‌ഥാപനങ്ങളില്‍ ഇല്ല. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. കഴിഞ്ഞ പുതുവര്‍ഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തില്‍നിന്നു കരകയറി വന്ന സമയമാണ്. ഈ വര്‍ഷം അവരെ ചേര്‍ത്തുപിടിച്ച ചരിതാര്‍ഥ്യമുണ്ട്. ടൗണ്‍ഷിപ് നിര്‍മാണം ദ്രുതഗതിയില്‍ നടക്കുകയാണ്. 207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. കാലവര്‍ഷം കനത്തതുകൊണ്ടു ചെറിയ ബുദ്ധിമുട്ടുകളുണ്ടായി. ഫെബ്രുവരിയില്‍ വീടുകള്‍ കൈമാറും. 2026 ഭവനം ഇല്ലായ്‌മയെ മറികടക്കാനുള്ള വര്‍ഷമാണ്. ലോകത്ത് അഞ്ചില്‍ ഒരാള്‍ക്കു കിടപ്പാടം ഇല്ലെന്നാണ് കണക്ക്. 4,76,000 അധികം വീടുകള്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കി. അടുത്ത മാസം 5 ലക്ഷം പൂര്‍ത്തിയാക്കും.
സിറ്റിസന്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ആരംഭിക്കും. കേരളത്തെ ഉത്‌പാദന കേന്ദ്രമായി മാറ്റാന്‍ മുന്നിട്ടിറങ്ങുന്നു. സര്‍ക്കാര്‍ ഭാവിയില്‍ നടപ്പാക്കേണ്ട എല്ലാ പദ്ധതികളെക്കുറിച്ചും അഭിപ്രായം പറയാനുള്ള അവസരമാണിത്. നേമത്തെ ബി.ജെ.പി ജയത്തിന് കാരണം കോണ്‍ഗ്രസാണ്. വലിയ
ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കണക്കുതെറ്റി. നീക്കങ്ങള്‍ അവിടെ അവസാനിച്ചില്ല. വിവിധ ഘട്ടങ്ങളില്‍ നീക്കുപോക്കുണ്ടാക്കി. തൃശ്ശൂരില്‍ യു.ഡി.എഫിന്റെ 86,000 വോട്ട് കുറഞ്ഞു. ഇത് ലോക്‌സഭയില്‍ ബി.ജെ.പിയിലേക്കു പോയി. തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി. ജയത്തില്‍ കറുത്ത കൈ ആരുടേതെന്നു പരിശോധിച്ചാല്‍ മനസിലാകും. യു.ഡി.എഫും ബി.ജെ.പിയും പരസ്‌പരം സഹായിച്ചു.
നാലു വോട്ടിനായി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍.ഡി.എഫ്. ഇല്ല'- മുഖ്യമന്ത്രി പറഞ്ഞു. യെലഹങ്ക കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം വന്നാല്‍ അതിര്‍ത്തി നോക്കിയല്ല പ്രതികരിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.