-->
ന്യൂഡല്‍ഹി: പോയ വര്‍ഷത്തെ വിസ്മൃതിയിലേക്ക് വിട്ടുകൊണ്ട് ലോകം 2026 ന് സ്വാഗതമോതി. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ വന്‍ ജനാവലിയാണ് എത്തിയത്. രാജ്യത്ത് ഉടനീളം പ്രധാന നഗരങ്ങളിലും പ്രമുഖ വിനോദസഞ്ചാരമേഖലകളിലും പുതുവത്സര ആഘോഷത്തിന്റേതായിരുന്നു ഇന്നലത്തെ രാവ്.
ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെ 600ഓളം പേര്‍ മാത്രം താമസിക്കുന്ന ഹവായിക്ക് തെക്ക് കിഴക്കായും ഓസ്ട്രേലിയയ്ക്ക് വടക്ക് കിഴക്കായും സ്ഥിതിചെയ്യുന്ന പസഫിക് സമുദ്രത്തിലെ ചെറുദ്വീപ് രാജ്യമായ കിരിബാത്തിയിലാണ് പുതുവര്‍ഷം ആദ്യം എത്തിയത്.
കിരിബാത്തിക്ക് പിന്നാലെ ചെറിയ സമയവ്യത്യാസത്തില്‍ ന്യൂസിലാന്‍ഡിലെ ചാറ്റം ദ്വീപിലും പുതുവര്‍ഷമെത്തി.
ഇന്ത്യന്‍ സമയം മൂന്നേ മുക്കാലോടെയാണ് ചാറ്റം ദ്വീപില്‍ പുതുവര്‍ഷം എത്തിയത്. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചു. കോഴിക്കോടും തിരുവനന്തപുരം ശംഖുമുഖം ബീച്ചിലുമെല്ലാം വിവിധ പരിപാടികളുമായി രാത്രി വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷത്തിമിര്‍പ്പിന്റേതായിരുന്നു. വലിയ നഗരങ്ങളിലെ തെരുവുകള്‍ ജനസമുദ്രമായി മാറിയിരുന്നു.
മുംബൈയില്‍ മറൈന്‍ ഡ്രൈവില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞപ്പോള്‍, ഡല്‍ഹിയില്‍ കഠിനമായ തണുപ്പിനെ അവഗണിച്ചും കൊണാട്ട് പ്ലേസില്‍ ജനക്കൂട്ടം തടിച്ചുകൂടി. തലസ്ഥാന നഗരിയില്‍ 2020-ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ പുതുവത്സരത്തലേന്നായിരുന്നു അത്; താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. ഷിംല, മണാലി തുടങ്ങിയ മലയോര പട്ടണങ്ങള്‍ വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കുന്നിടങ്ങളിലെല്ലാം വലിയ ജനക്കൂട്ടമായിരുന്നു.
മണിക്കൂറുകളുടെ ഇടവേളയില്‍ ഓസ്ട്രേലിയ, ജപ്പാന്‍, സൗത്ത് കൊറിയ, നോര്‍ത്ത് കൊറിയ, ചൈന, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, ഇന്ത്യ, ശ്രീലങ്ക, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ പുതുവര്‍ഷമെത്തി. മേഖലയില്‍ പുതുവത്സരം ആഘോഷിക്കുന്ന അവസാന സ്ഥലങ്ങള്‍ അമേരിക്കന്‍ സമോവയും ബേക്കര്‍, ഹൗലാന്‍ഡ് ദ്വീപുകളുമാണ്. കിരിബാത്തിയില്‍ നിന്നും ഒരു ദിവസത്തിന് ശേഷമാണ് ഇവിടെ അര്‍ദ്ധരാത്രിയാകുന്നത്.