Tuesday, March 17, 2026 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.38 PM

ശിവഗിരി തീര്‍ത്ഥാടനം സമൂഹത്തിന്‌ നിത്യപ്രചോദനം: മുഖ്യമന്ത്രി

uploads/news/2025/12/818447/k8.jpg

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക സമൂഹത്തിന്‌ ശിവഗിരി തീര്‍ത്ഥാടനം നിത്യപ്രചോദനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 93-ാം ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ശിവഗിരി ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
' ഗുരു സമാധിയാകുന്നതിന്‌ മാസങ്ങള്‍ക്കു മുന്‍പ്‌ 1928 ജനുവരി 16 നാണ്‌ ശിവഗിരി തീര്‍ത്ഥാടന സന്ദേശം നല്‍കുന്നത്‌. ശിവഗിരി തീര്‍ത്ഥാടനം ഒരു സര്‍വമത ദര്‍ശന സമന്വയത്തിന്റെ തീര്‍ത്ഥാടനമായിരിക്കണമെന്ന്‌ ഗുരു വ്യക്‌തമാക്കിയിരുന്നു. പാപക്കറ കഴുകിക്കളഞ്ഞ്‌ പുണ്യം നേടുകയെന്ന കേവലമായ തീര്‍ത്ഥാടനത്തിന്റെ സ്‌ഥലരാശിയിലല്ല ഗുരു സഞ്ചരിച്ചത്‌.
മറിച്ച്‌, തന്റെ സന്യാസ ജീവിതത്തിന്റെ അകം പൊരുളായ ഭൗതികജീവിത പുരോഗതിയുടെ അതിരുകളിലേക്ക്‌ മനുഷ്യരെ കൂട്ടിക്കൊണ്ടുപോകാന്‍ കൂടി തീര്‍ത്ഥാടനം ലക്ഷ്യമിട്ടു. തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമായി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്‌തി, സംഘടന,കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ര്‌ത സാങ്കേതിക പരിശീലനം എന്നീ എട്ടു കാര്യങ്ങള്‍ ഗുരു നിര്‍ദേശിച്ചു. ഓരോ വിഷയത്തിലും പ്രാഗത്ഭ്യമുള്ളവരെക്കൊണ്ട്‌ പ്രഭാഷണങ്ങള്‍ നടത്തിക്കണമെന്നും എല്ലാവര്‍ക്കും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സൗകര്യമൊരുക്കണമെന്നും അക്കാര്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്നും അതുവഴി സമൂഹത്തിനും രാജ്യത്തിനാകെത്തന്നെയും പുരോഗതി ഉണ്ടാകുമെന്നും ഗുരു പറഞ്ഞു.
ഗുരു നിര്‍ദേശിച്ച എട്ടു കാര്യങ്ങളില്‍ ഈശ്വരഭക്‌തി എന്നത്‌ ഒഴിച്ച്‌ ബാക്കി ഏഴു കാര്യങ്ങളും ഭൗതിക ജീവിത പുരോഗതിക്ക്‌ ആധാരമായവയാണ്‌. പ്രഥമ പരിഗണന വിദ്യാഭ്യാസത്തിനായിരുന്നു.
മറ്റ്‌ മേഖലകളില്‍ ഈ അറിവിന്റെ പ്രയോഗം അര്‍ത്ഥപൂര്‍ണമായി നടത്തുമ്പോഴാണ്‌ സാമൂഹിക ജീവിതം ഉയരങ്ങളിലേക്കു കൊണ്ടുപോവുകയെന്ന ശാസ്‌ത്രീയമായ ഉള്‍ക്കാഴ്‌ച ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ ഗുരുവിന്റെ വചനങ്ങളിലൂടെ നാം അറിഞ്ഞു എന്നത്‌ അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വത്തിനു കൂടി തെളിവാണ്‌. ഗുരു ചിന്തിച്ച വഴിക്കാണ്‌ കേരളം ഇന്ന്‌ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായി വിജ്‌ഞാന സമ്പദ്‌ഘടനയെയും വിജ്‌ഞാന സമൂഹത്തെയും സൃഷ്‌ടിക്കുന്നത്‌.
ഗുരു സന്ദേശത്തിന്റെ സാരസര്‍വസ്വവും ഉള്‍ക്കൊണ്ടാണ്‌ കേരളത്തില്‍ പുരോഗമന ശക്‌തികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഐക്യ കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്‌. സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ രണ്ടു നിയമ നടപടികള്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമായിരുന്നു.
1957 ലെ സര്‍ക്കാര്‍ എട്ടാം ക്ലാസ്‌ വരെയുള്ള വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കി. 1967 രണ്ടാം ഇ.എം.എസ്‌ സര്‍ക്കാര്‍ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. ഈ രണ്ടു നിയമ നടപടികളിലൂടെയുമാണ്‌, പില്‍ക്കാലത്ത്‌ രാജ്യാന്തര പ്രശസ്‌തമായി മാറിയ 'കേരളാ മോഡല്‍' വികസിച്ചുവന്നത്‌.
ജാതീയമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങളെയാകെ അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രകാശപൂര്‍ണമായ വഴികളിലേക്ക്‌ കൈപിടിച്ചുയര്‍ത്തുക എന്ന ഗുരുവിന്റെ പ്രബോധനം തന്നെയാണ്‌ അക്കാലത്ത്‌ നടപ്പാക്കിയത്‌. ഈ പാതയിലൂടെ തന്നെയാണ്‌ ഇപ്പോഴത്തെ കേരള സര്‍ക്കാരും മുന്നോട്ടുപോകുന്നത്‌.
ജനാധിപത്യ, മതേതര രാഷ്‌ട്രഘടന നിലനില്‍ക്കാന്‍ ഗുരുസന്ദേശവും അതുമായി വിട്ടുവീഴ്‌ചയില്ലാതെ മുമ്പോട്ടുപോവുന്ന പുരോഗമന ശക്‌തികളുടെ സന്ദേശവും സമന്വയിക്കേണ്ടത്‌ അനിവാര്യമാണ്‌. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ അതിരുകള്‍ക്കുള്ളില്‍ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങള്‍ക്കെതിരേ നാം ജാഗ്രത പാലിക്കണം.
അരുവിപ്പുറത്തെ പ്രതിഷ്‌ഠയോടെയാണ്‌ 19-ാം നൂറ്റാണ്ടിന്റെ അവസാനം കേരളീയ നവോത്ഥാനം ആരംഭിക്കുന്നത്‌. ഈ പ്രതിഷ്‌ഠയിലൂടെ ഗുരു നല്‍കിയത്‌ അന്നു നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്‌ഥ തകര്‍ക്കുക എന്ന സന്ദേശം തന്നെയായിരുന്നു.-മുഖ്യമന്ത്രി പറഞ്ഞു.
പ്രഥമ ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം കൊച്ചി ശ്രീനാരായണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിന്‌ മുഖ്യമന്ത്രി കൈമാറി.
സാന്ദ്രാനന്ദ സ്വാമികള്‍ രചിച്ച്‌ ശിവഗിരിമഠം പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച 'ശിവശതകം- എ ഹണ്ട്രഡ്‌ ഡ്രാപ്പ്‌സ്‌ ഓഫ്‌ നെക്‌ടര്‍' മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ്‌ ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സച്ചിദാനന്ദസ്വാമികള്‍ അധ്യക്ഷനായി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്‌ടാതിഥിയായി.
മന്ത്രി വി.എന്‍. വാസവന്‍, കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ:എം.സി. സുധാകര്‍, കെ. സി. വേണുഗോപാല്‍ എം.പി, അടൂര്‍ പ്രകാശ്‌ എം.പി., വി.ജോയ്‌ എം.എല്‍.എ, വര്‍ക്കല മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ഹേമചന്ദ്രന്‍, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ശോഭാ സുരേന്ദ്രന്‍, ശാരദാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Ads by Google
Wednesday 31 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW