-->
തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയന്‍ ചന്തുവെന്ന പേര്‍ ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശനു തന്നെയാണ്. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും. അത്രമാത്രമായിരിക്കും ഇടപെടല്‍. എല്‍.ഡി.എഫ്. സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ല. - ബിനോയ് വിശ്വം പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.ഐക്കെതിരായ വെള്ളാപ്പള്ളിയുടെ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനം ഉന്നയിച്ച സി.പി.ഐയെ ചതിയന്‍ ചന്തുവെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്.
പത്ത് വര്‍ഷം സി.പി.എമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു. വിമര്‍ശനം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, സി.പി.ഐ. നേതൃയോഗങ്ങളില്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി മാറിനില്‍ക്കണമെന്ന തരത്തില്‍ ചര്‍ച്ച ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്വന്തം ഭാവനയില്‍ നിന്നും കഥകള്‍ സൃഷ്‌ടിക്കുകയാണ്.
കേരളത്തിന്റെ സമസ്‌തമേഖലകളും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നേട്ടങ്ങളുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ജനവിധി അംഗീകരിച്ച് തെറ്റ് തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. അതിനുള്ള ആര്‍ജവം ഇടതുപക്ഷത്തിനേ ഉള്ളൂ.-ബിനോയ് വിശ്വം പറഞ്ഞു.