-->
പൊന്‍കുന്നം: മലപ്പുറത്തുനിന്ന് ഗവിയിലേക്ക് വിനോദയാത്രാസംഘം സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് തീപിടിച്ച് നശിച്ചു. ബസില്‍ പുക ഉയരുന്നതറിഞ്ഞ് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി 10 മിനിറ്റിനകമാണ് ബസില്‍ പൂര്‍ണമായി തീപടര്‍ന്നത്. മലപ്പുറം ഡിപ്പോയുടെ ആര്‍.എസ്.സി 698 സൂപ്പര്‍ ഡീലക്‌സ് ബസില്‍ പുനലൂര്‍- മൂവാറ്റുപുഴ ഹൈവേയില്‍ ചെറുവള്ളി പഴയിടം കുന്നത്തുപുഴയിലായിരുന്നു ബുധനാഴ്‌ച പുലര്‍ച്ചെ 3.45-ന് അപകടമുണ്ടായത്.
പിന്നാലെയെത്തിയ മീന്‍വണ്ടിയിലെ ആള്‍ക്കാര്‍ ബസിന്റെ പിന്നില്‍ പുകയുണ്ടെന്ന് അറിയിച്ചതോടെയാണ് ബസ് നിര്‍ത്തിയത്. യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം കണ്ടക്‌ടര്‍ ബിജുമോനും ഡ്രൈവര്‍ ജിഷാദ് റഹ്‌മാനും ചേര്‍ന്ന് ബസിലെ ഫയര്‍ എസ്‌റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്‌ക്കാന്‍ ശ്രമിച്ചു. പിന്‍ഭാഗത്ത് ഇടതുവശത്തെ ടയറിനുസമീപത്തുനിന്ന് പടര്‍ന്ന തീ 10 മിനിട്ടിനുള്ളില്‍ ബസിലാകെ പടര്‍ന്നു. മണിമല പോലീസ് സ്‌ഥലത്തെത്തി കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സിനെ അറിയിച്ച് അവരെത്തിയപ്പോഴേക്കും ബസില്‍ പൂര്‍ണമായി തീപടര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴേക്കും ബസിനുള്ളിലെ സീറ്റുകളും ബോഡിയും പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു.
ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഗവി, പരുന്തുംപാറ, രാമക്കല്‍മേട് എന്നിവിടങ്ങളിലേക്കായി സംഘം പുറപ്പെട്ടത് ചൊവ്വാഴ്‌ച രാത്രി ഒന്‍പതിനാണ്. അപകടമറിഞ്ഞ് കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഉന്നതോദ്യോഗസ്‌ഥസംഘം സ്‌ഥലത്തെത്തി അന്വേഷണം നടത്തി. കോര്‍പ്പറേഷന്റെ വിജിലന്‍സ് സംഘവും സ്‌ഥലത്തെത്തി. കണ്ടക്‌ടര്‍ ബിജുമോനൊപ്പം യാത്രക്കാരെ പൊന്‍കുന്നം ഡിപ്പോയുടെ ബസില്‍ ഗവിയിലേക്കയച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടോ, ബ്രേക്ക് ലൈനര്‍ തകരാറോ ആവാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.