-->
കോട്ടയം: നാഗ്‌പൂരില്‍ മലയാളി വൈദികരെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ ഭരണാധികാരികളും ഭരണത്തിലിരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയും മൗനം വെടിയണമെന്ന് സി.എസ്.ഐ. ബിഷപ് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. നാഗ്‌പൂരിനു സമീപമുള്ള കുഗ്രാമങ്ങളില്‍ നിരവധി വര്‍ഷങ്ങളായി ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ലാഭേച്‌ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ൈക്രസ്‌തവ മിഷനറി വൈദികര്‍ ആക്രമിക്കപ്പെട്ടത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്.
ക്രിസ്‌മസ് കാലത്ത് ൈക്രസ്‌തവ മിഷനറിമാര്‍ക്കു നേരേ ആവര്‍ത്തിച്ചുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമായതിനാല്‍ അക്രമികള്‍ക്കെതിരേ ശക്‌തമായ നടപടിയെടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. അറസ്‌റ്റിലായ വൈദികരുടെ മോചനത്തിനാവശ്യമായ നീയമപിന്തുണ നല്‍കാന്‍ സി.എസ്.ഐ സഭ മുന്നിട്ടിറങ്ങുമെന്നും
ബിഷപ് പറഞ്ഞു.ഭരണാധികാരികള്‍ ഇടപെടണം: കാതോലിക്ക ബാവ
കോട്ടയം: മതേതര രാഷ്‌ട്രമായ ഇന്ത്യയില്‍ ഏതു മതത്തില്‍ വിശ്വസിക്കാനുംആരാധിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഇതിനു വ്യത്യാസമില്ല.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യസമൂഹത്തിന് അപമാനമാണ്. ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനയ്‌ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്‌തിയായി മാറുകയാണ്. വിധ്വംസക പ്രവൃത്തികള്‍ നിരോധിക്കാന്‍ ഭരണാധികാരികള്‍ ഇടപെടണം. ൈക്രസ്‌തവ സമൂഹത്തിനു നേരേ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നതായും ബാവ പറഞ്ഞു.
മതസ്വാതന്ത്ര്യത്തെ
സംഘടിച്ചെത്തി തകര്‍ക്കുന്നു: ജോസ് കെ. മാണി
കോട്ടയം: ക്രിസ്‌മസ് മുതല്‍ നവവത്സരം വരെയുള്ള ആഘോഷവേളയില്‍ രാജ്യമെമ്പാടും വര്‍ഗീയവാദികള്‍ നടത്തിയത് ൈക്രസ്‌തവപീഡനവും ക്രിസ്‌തുനിന്ദയുമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകര്‍ക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ൈക്രസ്‌തവര്‍ അനുഭവിക്കേണ്ടി വന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. ഇത്തരം സമീപനം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു.