-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐ.പി.എസ്. തലപ്പത്ത് സ്‌ഥാനക്കയറ്റത്തോടെ അഴിച്ചുപണി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിതാ ബീഗം, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ക്ക് ഐ.ജിമാരായി സ്‌ഥാനക്കയറ്റം നല്‍കി.അജിതാ ബീഗം പുതുതായി രൂപീകരിച്ച ഇക്കണോമിക് ഒഫന്‍സ് വിങ് ഐ.ജിയാകും. ഐ.ജി. ൈക്രംസ്, സോഷ്യല്‍ പോലീസ് ഡയറക്‌ടറേറ്റ് എന്നിവയുടെ അധികച്ചുമതലയും വഹിക്കും. നിശാന്തിനിയെ പോലീസ് ആസ്‌ഥാനത്തെ ഐ.ജിയായി നിയമിച്ചു. ആഭ്യന്തരസുരക്ഷാ ഐ.ജിയായി നിയമിക്കപ്പെട്ട പുട്ട വിമലാദിത്യയ്‌ക്ക് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഡി.ഐ.ജിയുടെ അധികച്ചുമതലയുമുണ്ടാകും. പുതുതായി സൃഷ്‌ടിച്ച ആംഡ് പോലീസ് ബറ്റാലിയന്‍ ഐ.ജി. തസ്‌തികയില്‍ സതീഷ് ബിനോയെ നിയമിച്ചു. ജി. സ്‌പര്‍ജന്‍ കുമാര്‍ (ഐ.ജി, സൗത്ത് സോണ്‍), എസ്. ശ്യാം സുന്ദര്‍ (ഐ.ജി. ഇന്റലിജന്‍സ്, കേരള പോലീസ് ഹൗസിങ് ആന്‍ഡ്‌കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍ എം.ഡിയുടെ അധികച്ചുമതല. 2012 ബാച്ച് ഉദ്യോഗസ്‌ഥരായ ജി. ശിവവിക്രം, ഡോ. അരുള്‍ ആര്‍.ബി. കൃഷ്‌ണ, ജെ. ഹിമേന്ദ്രനാഥ് എന്നിവര്‍ക്ക് ഡി.ഐ.ജിമാരായി സ്‌ഥാനക്കയറ്റം നല്‍കി. ഡി.ഐ.ജി. വിജിലന്‍സ്, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ (ഡി.ഐ.ജി. റാങ്ക്), തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ (ഡി.ഐ.ജി. റാങ്ക്) എന്നിങ്ങനെ ഒരുവര്‍ഷത്തേക്ക് മൂന്ന് എക്‌സ്-കേഡര്‍ തസ്‌തികകള്‍ സൃഷ്‌ടിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ്‌കമ്മിഷണര്‍ തോംസണ്‍ ജോസിനെ ഡി.ഐ.ജി. വിജിലന്‍സായി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറിനെ കൊച്ചിസിറ്റി പോലീസ് കമ്മിഷണറായും വിജിലന്‍സ് ഡി.ഐ.ജി: കെ. കാര്‍ത്തിക്കിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു. ഡോ. അരുള്‍ ആര്‍.ബി. കൃഷ്‌ണയെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയായും ജെ. ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായും നിയമിച്ചു.