-->
കൊല്ലം: അയ്യപ്പ വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്തുന്ന തരത്തിലും മത സ്‌പര്‍ധയുണ്ടാക്കുന്ന തരത്തിലും സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ എം. സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി കൊല്ലം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് വിഷ്‌ണു സുനില്‍ പന്തളം ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ , പരാതിയില്‍ കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് ക്രിമിനല്‍ മിസലേനിയസ് പെറ്റീഷന്‍ വഴി വിഷ്‌ണു സുനില്‍ കോടതിയെ സമീപിച്ചത്. 2025 സി.എം.പി. 2880 നമ്പരായി കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. എം.എസ്. അജിത്‌കുമാറാണ് കോടതിയില്‍ ഹാജരായത്. എം.സ്വരാജ് ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ വ്യത്യസ്‌തവും അടിസ്‌ഥാന രഹിതവുമായി വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ യാഥാര്‍ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന കഥ മെനഞ്ഞാണ് പ്രസംഗം നടത്തിയത്. അതിലൂടെ സ്‌ത്രീ പ്രവേശനം സാധ്യമാണെന്നു വരുത്തി തീര്‍ത്ത് അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും അപമാനിക്കുകയും അതുവഴി അയ്യപ്പ വിശ്വാസികളുടെ വികാരം വ്രണപ്പെടുകയും ചെയ്‌തുവെന്നാണ് പരാതിയില്‍ പറയുന്നത്.
അയ്യപ്പന്റെ ബ്രഹ്‌മചര്യം അവസാനിച്ചുവെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നും എം. സ്വരാജ് തന്റെ പ്രസംഗത്തിലൂടെ സമര്‍ഥിക്കുകയാണ്. ഈ പ്രസംഗം സംബന്ധിച്ച വീഡിയോ ഇന്നും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് മതസ്‌പര്‍ധ വളര്‍ത്താനും വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനും കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊല്ലം വെസ്‌റ്റ് എസ്. എച്ച്.ഒയ്‌ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും സംസ്‌ഥാന പോലീസ് മേധാവിക്കും വിഷ്‌ണു സുനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.