-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) രണ്ടുമണിക്കൂര്‍ ചോദ്യംചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ച എസ്.ഐ.ടി. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍.
മുന്‍മന്ത്രിയെന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. മൊഴിയില്‍ ആരെയും പഴിചാരിയില്ല. ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും അറിവുവേണ്ടേയെന്നും കടകംപള്ളി ചോദിച്ചു. മാധ്യമങ്ങളോട് അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല.
സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്‌റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് മുന്‍മന്ത്രിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണു സൂചന. അന്വേഷണം മുകള്‍ത്തട്ടിലേക്ക് എത്തുന്നില്ലെന്നും കടകംപള്ളി ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ വൈകുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് എസ്.ഐ.ടിയുടെ പുതിയനീക്കം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്.ഐ.ടി. ചോദ്യംചെയ്‌തു.
എല്ലാം പത്മകുമാറെന്ന് എന്‍. വിജയകുമാര്‍
അതേസമയം, പത്മകുമാറിനു കൂടുതല്‍ കുരുക്കാകുന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്ന എന്‍. വിജയകുമാറിന്റെ മൊഴി. താന്‍ നിരപരാധിയാണെന്നും എല്ലാം 'സഖാവ്' പറഞ്ഞിട്ടാണ് ചെയ്‌തതെന്നുമാണ് അറസ്‌റ്റിലായ വിജയകുമാര്‍ എസ്.ഐ.ടിയോട് പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്നതടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചതു പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതിനാല്‍ വായിച്ചുപോലും നോക്കാതെ ഒപ്പിട്ടെന്നും പ്രത്യാഘാതം അറിയില്ലായിരുന്നെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാനാവാതെ ആത്മഹത്യവരെ ആലോചിച്ചെന്നും വിജയകുമാറിന്റെ മൊഴിയിലുണ്ട്.