Saturday, March 14, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.29 PM

അതിശയോക്‌തി , വസ്‌തുതകള്‍ വളച്ചൊടിക്കുന്നു; സല്‍മാന്‍ ഖാന്റെ 'ബാറ്റില്‍ ഓഫ്‌ ഗാല്‍വാന്‍' സിനിമയ്‌ക്കെതിരേ ചൈനീസ്‌ മാധ്യമം, ചുട്ടമറുപടിയുമായി ഇന്ത്യ

uploads/news/2025/12/818212/battle-of-galwan.jpg

ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന്‍ അഭിനയിച്ച 'ബാറ്റില്‍ ഓഫ്‌ ഗാല്‍വാന്‍' എന്ന സിനിമ വസ്‌തുതകള്‍ വളച്ചൊടിക്കുന്നതാണെന്ന ചൈനീസ്‌ മാധ്യമങ്ങളുടെ ആരോപണത്തിനു മറുപടിയുമായി ഇന്ത്യ. കലാസ്വാതന്ത്ര്യമുള്ള രാജ്യത്ത്‌ അതിന്റെ അടിസ്‌ഥാനത്തില്‍ സിനിമ നിര്‍മിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക്‌ അവകാശമുണ്ടെന്നാണ്‌ ഇന്ത്യയുടെ മറുപടി.

ഇന്ത്യന്‍ കരസേനയുടെ 16 ബിഹാര്‍ റജിമെന്റും ചൈനീസ്‌ പട്ടാളവുമായി 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലാണ്‌ സിനിമയുടെ ഇതിവൃത്തം. നുഴഞ്ഞുകയറ്റക്കാരായ ചൈനീസ്‌ പട്ടാളക്കാരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ്‌ ബാബുവായാണ്‌ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ വേഷമിടുന്നത്‌. ആയുധങ്ങളുപയോഗിക്കാതെ ഗാല്‍വാനില്‍ നടന്ന കൈയാങ്കളിയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്‌ഥിരീകരിച്ചിരുന്നു. തങ്ങളുടെ ഒരു സൈനികന്‍ പോലും മരിച്ചില്ലെന്നായിരുന്നു ആദ്യം ചൈനയുടെ അവകാശവാദം. എന്നാല്‍, നാലുപേര്‍ കൊല്ലപ്പെട്ടതായി പിന്നീട്‌ വ്യക്‌തമാക്കി. യഥാര്‍ത്ഥ മരണസംഖ്യ ചൈന പുറത്തുവിട്ടിട്ടില്ല.

ഇന്ത്യ ആവിഷ്‌കാരസ്വാതന്ത്ര്യമുള്ള രാജ്യമാണെന്നും ചലച്ചിത്രനിര്‍മിതി അതിന്റെ അവിഭാജ്യഘടകമാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ വിശദീകരിച്ചു. ഈ സിനിമയെപ്പറ്റി ആശങ്കയുള്ളവര്‍ക്ക്‌ വ്യക്‌തതയ്‌ക്കായി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തെ സമീപിക്കാമെന്നും വിശദീകരണത്തില്‍ പറയുന്നു.
ഗാല്‍വാനില്‍ നടന്നതായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നാണ്‌ ചൈനീസ്‌ ഔദ്യോഗികപത്രമായ 'ഗ്ളോബല്‍ ടൈംസി'ന്റെ ആരോപണം. സിനിമയിലെ അതിശയോക്‌തി കൊണ്ട്‌ ചരിത്രം മാറ്റിയെഴുതാനാവില്ലെന്നും ചൈനീസ്‌ സൈന്യത്തിന്റെ ഇഛാശക്‌തിക്ക്‌ ഇളക്കം തട്ടില്ലെന്നും പത്രത്തിലെ ലേഖനത്തില്‍ പറയുന്നു. ഗാല്‍വാന്‍ ചൈനീസ്‌ ഭൂപ്രദേശമാണെന്ന തെറ്റായ അവകാശവാദവും ലേഖനത്തിലുണ്ട്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW