-->
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതന്‍ കെ.ആര്‍. ഔസേഫ്. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്നും ഇതിന് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ ഒഴിവാക്കി മറ്റൊരു സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്നും ഔസേഫ് ആരോപിച്ചു.
പ്രസിഡന്റ് സ്‌ഥാനം വാഗ്‌ദാനം ചെയ്‌തിട്ടും വര്‍ഗീയകക്ഷിയുമായി കൂട്ടുചേരാന്‍ താന്‍ വിസമ്മതിച്ചെന്നും ഔസേഫ് അവകാശപ്പെട്ടു. ജില്ലയിലെ ഒരു എം.എല്‍.എയാണ് എല്ലാത്തിനും ചരടുവലിച്ചതെന്നും ഔസേഫ് ആരോപിക്കുന്നു. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ തന്നെയാണ് ബി.ജെ.പിയുമായി ഡീല്‍ ഉണ്ടെന്ന് തന്നോട് വെളിപ്പെടുത്തിയത്.
അഞ്ചുപേര്‍ ചര്‍ച്ചക്കായി വീട്ടിലെത്തിയ സി.സി. ടിവി ദൃശ്യങ്ങളും ഔസേഫ് പുറത്തുവിട്ടു. നമ്മള്‍ ഭരിക്കുമെന്നും നീയാണ് പ്രസിഡന്റ് എന്നുമാണ് അന്ന് വീട്ടില്‍ എത്തിയവര്‍ പറഞ്ഞത്. എട്ടു യു.ഡി.എഫ്. അംഗങ്ങളും രണ്ടു വിമതരും ചേര്‍ന്നാലും പത്തുപേരേ ആകൂ എന്നതിനാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് ബി.ജെ.പി. കൂടെനില്‍ക്കുമെന്ന് പറഞ്ഞത്. അത് ശരിയാവില്ലെന്ന് പറഞ്ഞതോടെയാണ് അവര്‍ സ്വതന്ത്രയെ മുന്നില്‍ നിര്‍ത്തി ഭരണം പിടിച്ചത്. തനിക്ക് യു.ഡി.എഫിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഇനി ഇടതിനൊപ്പം തുടരുമെന്നും ഔസേഫ് പറഞ്ഞു.