-->
തൃശൂര്‍/തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ എട്ട് പഞ്ചായത്തംഗങ്ങളും കൂറുമാറി, ബി.ജെ.പി. പിന്തുണയോടെ കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റാക്കിയ മറ്റത്തൂര്‍ പഞ്ചായത്തിനെച്ചൊല്ലി സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വിവാദം പുകയുന്നു. കോണ്‍ഗ്രസ്-ബി.ജെ.പി. അന്തര്‍ധാര ആരോപിച്ചുള്ള കടന്നാക്രമണം നേരിട്ടേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.
മറ്റത്തൂരില്‍ നടന്നത് 'ഓപ്പറേഷന്‍ ലോട്ടസാ'ണെന്നും ഒറ്റച്ചാട്ടത്തിനു ബി.ജെ.പിയിലെത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിണറായി പരിഹസിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ജാള്യത തീര്‍ക്കാനാണ് മുഖ്യമന്ത്രി അടിസ്‌ഥാനരഹിതമായ ആരോപണമുന്നയിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.മറ്റത്തൂരിലെ കൂറുമാറ്റവിവാദത്തില്‍ തൃശൂര്‍ ഡി.സി.സി. അധ്യക്ഷന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നാരോപിച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളും രംഗത്തെത്തി. കോണ്‍ഗ്രസ് അംഗത്തെ
വിലയ്‌ക്കെടുക്കാന്‍ സി.പി.എം. ശ്രമിച്ചെന്നും ചന്ദ്രന്‍ ആരോപിച്ചു. സി.പി.എമ്മിനോടുള്ള വിരോധം മൂലമാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിക്കു ബി.ജെ.പി. അംഗങ്ങള്‍ വോട്ട് ചെയ്‌തത്. അംഗങ്ങള്‍ക്കു കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് ചിഹ്‌നത്തില്‍ മത്സരിച്ച മൂന്ന് സ്‌ഥാനാര്‍ഥികളും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നെന്നു വെളിപ്പെടുത്തിയ ചന്ദ്രന്‍ നേതൃത്വത്തെ വെട്ടിലാക്കി.
ബി.ജെ.പി. പിന്തുണയില്‍ മത്സരിച്ചശേഷം കോണ്‍ഗ്രസ് നേതൃത്വം തങ്ങളോട് രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കെ.ആര്‍. ഔസേപ്പ് എന്ന കോണ്‍ഗ്രസ് അംഗത്തെ സി.പി.എം. വിലയ്‌ക്കെടുത്തു. കൗണ്‍സില്‍ ഹാളിലെത്തുന്നതുവരെ ഔസേപ്പ് നിലപാട്
മാറ്റുമെന്ന് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ടെസി കല്ലറയ്‌ക്കലിനെ പ്രസിഡന്റ് സ്‌ഥാനാര്‍ഥിയാക്കിയതെന്നും ചന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്‌ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പില്‍ എന്നിവരുള്‍പ്പെടെ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസിലെ ഔസേപ്പിനെ സി.പി.എം. വിലയ്‌ക്കെടുത്തതാണ് മറുനീക്കത്തിനു പ്രേരിപ്പിച്ചതെന്നു പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. മറ്റത്തൂരിലെ രാഷ്‌ട്രീയസാഹചര്യം പരിഗണിച്ച് സംസ്‌ഥാനനേതൃത്വം അനുകൂലതീരുമാനമെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം 'മറ്റത്തൂരില്‍ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടി' എന്ന അടിക്കുറിപ്പോടെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഡി.വൈ.എഫ്.ഐ. ബോര്‍ഡ് സ്‌ഥാപിച്ചു.
മരുന്നിനുപോലും ഒരാളെ
ബാക്കിവച്ചില്ല: പിണറായി
മരുന്നിനുപോലും ഒരാളെ ബാക്കിവയ്‌ക്കാതെയാണ് മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങളെ ബി.ജെ.പി. എടുത്തതെന്നു മുഖ്യമന്ത്രി പിണറയി വിജയന്‍ പരിഹസിച്ചു. 2016-ല്‍ അരുണാചല്‍പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും എന്‍.ഡി.എയിലേക്കു ചാടി. ഒരു എം.എല്‍.എ. പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബി.ജെ.പി. അധികാരം പിടിച്ചു.
2019-ല്‍ ഗോവയിലും കോണ്‍ഗ്രസ് ഒന്നടങ്കം ബി.ജെ.പിയില്‍ ലയിച്ചു. അതിന്റെ കേരള മോഡലാണ് മറ്റത്തൂരില്‍ കണ്ടത്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ സന്നദ്ധതയാണ് ബി.ജെ.പിയുടെ കേരളവ്യാമോഹങ്ങള്‍ക്കു വളമിടുന്നതെന്നും പിണറായി പറഞ്ഞു.
മോദി പറയുന്നിടത്ത്
ഒപ്പിടുന്ന പിണറായി:
വി.ഡി. സതീശന്‍
മുഖ്യമന്ത്രിയുടെ പരിഹാസത്തിനു മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. മറ്റന്നൂരില്‍ ആരും ബി.ജെ.പിയിലേക്കു പോയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നിടത്തെല്ലാം ഒപ്പിടുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സതീശന്‍ തിരിച്ചടിച്ചു.