-->
വൈപ്പിന്‍: മുതിര്‍ന്ന സി.പിഎം. നേതാവ് കെ.എം. സുധാകരന്‍ (90) നിര്യാതനായി. സംസ്‌കാരം നടത്തി. നായരമ്പലം കളവമ്പാറ കുടുംബാംഗമാണ്. ദീര്‍ഘകാലമായി പറവൂരിലെ തോന്ന്യകാവില്‍ മകള്‍ ജയശ്രീക്കൊപ്പമായിരുന്നു താമസം. ശ്വാസതടസത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.30നാണ് മരിച്ചത്.
ഭാര്യ: കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്‌ഥയായിരുന്ന പരേതയായ ജെ.പ്രഭാവതി. മക്കള്‍: ജയന്‍ (റിട്ട. സൂപ്രണ്ട്, കേരളവര്‍മ കോളജ്), ജയശ്രീ (സെക്രട്ടറി, പറവൂര്‍ സഹകരണ ബാങ്ക്), ജയരാജ് (ഓഫീസര്‍ നെസ്‌റ്റ് കാക്കനാട്), ജയ്‌സി(സെക്രട്ടറി, വടക്കേക്കര സഹകരണ ബാങ്ക്). മരുമക്കള്‍: മീര (ഗവ. സര്‍വന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എറണാകുളം), പരേതനായ അനില്‍, പരേതയായ സ്വപ്‌ന (ദേശാഭിമാനി, കൊച്ചി), ദിലീപ് (ബിസിനസ്).
1953-ല്‍ സി.പി.ഐ. കാന്‍ഡിഡേറ്റ് അംഗമായ സുധാകരന്‍ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിന്‍ ഏരിയാ സെക്രട്ടറി, സംസ്‌ഥാന കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി, സംസ്‌ഥാന ട്രഷറര്‍, സി.ഐ.ടി.യു. സംസ്‌ഥാന ട്രഷറര്‍ എന്നീ ചുമതലകളും നിര്‍വഹിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് 16 മാസം കരുതല്‍തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. പരോളില്‍ എത്തിയാണ് അമ്മയുടെ സംസ്‌കാരത്തിലടക്കം പങ്കെടുത്തത്.