Sunday, March 15, 2026 Last Updated 29 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.05 AM

ലണ്ടനില്‍ മലയാളി നഴ്‌സുമാര്‍ക്ക്‌ നേരെ ആക്രമണം; മൂന്നു യുവതികള്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

പത്തനംതിട്ട: ലണ്ടനില്‍ മലയാളി നഴ്‌സിങ്‌ അസിസ്‌റ്റന്റുമാര്‍ക്കു നേരേ ആക്രമണം. പത്തനംതിട്ട, പുനലൂര്‍ സ്വദേശികളായ മൂന്നു യുവതികളാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. ക്രൂഡോണില്‍നിന്നു ജോലിസ്‌ഥലത്തേക്കു പോകുമ്പോള്‍ വെള്ളക്കാരിയായ സ്‌ത്രീ ബസില്‍വച്ച്‌ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവസമയത്ത്‌ യുവതികളിലൊരാള്‍ നാട്ടിലുള്ള ഭര്‍ത്താവിനോടും മക്കളോടും വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.
വംശീയ അധിക്ഷേപം നടത്തുന്ന വാക്കുകള്‍ പ്രയോഗിച്ചുകൊണ്ട്‌ യുവതികള്‍ക്കുനേരേ സ്‌ത്രീ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. പ്രാദേശികസമയം രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ ഒരു മണി) യോടെയായിരുന്നു സംഭവം. കൈയിലിരുന്ന കത്തിവീശി നഴ്‌സുമാര്‍ക്കു നേരേ വെള്ളക്കാരി പാഞ്ഞടുക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന തദ്ദേശീയരായ മറ്റു യാത്രക്കാര്‍ ഇവരെ കീഴ്‌പ്പെടുത്തി. ഇതിനിടെ മലയാളി യുവതികളെ ഇവര്‍ മാരകമായി മര്‍ദ്ദിച്ചിരുന്നു. ഒരു യുവതിയുടെ വയറിന്‌ ചവിട്ടേല്‍ക്കുകയും ചെയ്‌തു. സ്‌ഥലത്തെത്തിയ പോലീസ്‌ പരുക്കേറ്റ യുവതികളെ ആശുപത്രിയിലേക്കു മാറ്റി. അക്രമിയെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ്‌ പറയുന്നുണ്ടെന്ന്‌ നാട്ടിലുള്ള ബന്ധുക്കള്‍ അറിയിച്ചു.
ലണ്ടനില്‍ അവധിക്കാലമായതിനാല്‍ സിറ്റി സര്‍വീസ്‌ ബസില്‍ യാത്രക്കാര്‍ കുറവാണ്‌. ഈ അവസരം മുതലെടുത്താണ്‌ മലയാളി യുവതികളെ ഇവര്‍ ആക്രമിച്ചതെന്നു കരുതുന്നു. വെള്ളക്കാരിയുടെ കത്തിമുനയില്‍നിന്ന്‌ കഷ്‌ടിച്ചു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ പത്തനംതിട്ട സ്വദേശിനിയായ നഴ്‌സിങ്‌ അസിസ്‌റ്റന്റ്‌. സംഭവം ലൈവായി കണ്ട ഇവരുടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും നടുക്കം വിട്ടുമാറിയിട്ടില്ല.

Ads by Google
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW