-->
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴിലുള്ള മാര്‍ ഈവാനിയോസ് ഓട്ടോണമസ് കോളജിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാളെ സമാപിക്കും. കോളജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയാകും.
11.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേര്‍ക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, ശശി തരൂര്‍ എം.പി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. മീരാ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിക്കും. 1949 ജൂണില്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്‌ത മാര്‍ ഈവാനിയോസ് കോളജ് നാലാഞ്ചിറയിലാണ് ആരംഭിച്ചത്. അന്നത്തെ ആര്‍ച്ച് ബിഷപ് ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയായിരുന്നു കോളജിന്റെ സ്‌ഥാപകന്‍.
പില്‍ക്കാലത്ത് ആര്‍ച്ച് ബിഷപ് ബനഡിക്‌ട് മാര്‍ ഗ്രിഗോറിയോസ് ആയിരുന്ന ഫാ. ബനഡിക്‌ട് ഒ.ഐ.സി. ആയിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ കോളജാണ്. 2014-ല്‍ ഓട്ടോണമസ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 18 ഡിഗ്രി കോഴ്‌സുകളും ഒന്‍പത് വിഷയങ്ങളില്‍ പോസ്‌റ്റ് ഗ്രാജുവേറ്റ് സൗകര്യങ്ങളും ആറു വിഷയങ്ങളില്‍ ഗവേഷണ സൗകര്യങ്ങളുമുണ്ട്. മൂവായിരം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കോളജില്‍ പഠിക്കുന്നത്.