-->
കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പട്ടം നല്‍കല്‍ ചടങ്ങ് നടത്തിയതിലൂടെ മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും സിറോ മലബാര്‍ സഭയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്ന് വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് ഭാരവാഹികള്‍. മത തീവ്രവാദികളില്‍നിന്നു കത്തോലിക്കാസഭ ഭീഷണി നേരിടുന്ന നാടുകളില്‍ പോലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇന്നലെ ബസിലിക്കയില്‍ ഏര്‍പ്പെടുത്തിയത്. 200-ല്‍ പരം പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. കോടതി ഉത്തരവുകള്‍ ലംഘിക്കുന്നതിന്റെയും കുര്‍ബാന വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ച് സഭാവിരുദ്ധരുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും കുറ്റബോധമാണ് സഭാ തലവനെയും വികാരിയെയും ഈവിധം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
രണ്ടു മെത്രാന്മാരും ഡീക്കന്മാരും ചടങ്ങിന് എത്തിയതോടെ ബസിലിക്കയില്‍ പ്രതിഷേധം നടത്തുന്നവര്‍ മാര്‍ തട്ടിലിന്റെയും മാര്‍ പാംപ്ലാനിയുടേയും രാജി ആവശ്യപ്പെടുന്ന ബാനറും കറുത്ത കൊടികളുമേന്തി പരിപാടി നടന്ന പന്തലിന് സമീപം അണിനിരന്നു. ദേവാലയത്തിന് മുകളിലും പരിസരത്തും ഇത്തരം ബോര്‍ഡുകളും ഫ്‌ളക്‌സുകളും പ്രതിഷേധക്കാര്‍ സ്‌ഥാപിച്ചിരുന്നു. പ്രതിഷേധ പരിപാടികള്‍ക്ക് മത്തായി മുതിരേന്തി, ജോയ് ജോര്‍ജ്, ജോസഫ് പി.ഏബ്രഹാം, ക്യാപ്‌റ്റന്‍ ടോം ജോസഫ്, ജോണ്‍സണ്‍ കോനിക്കര, സീലിയ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.