-->
ശബരിമല: 41 നാള്‍ നീണ്ട വ്രതാനുഷ്‌ഠാനങ്ങള്‍ക്കു സമാപനം കുറിച്ച് തങ്കഅങ്കിശോഭയില്‍ നടന്ന മണ്ഡലപൂജ തൊഴുത് ഭക്‌തര്‍ ശബരിമലയിറങ്ങി.
ഇന്നലെ 10.10 നും 11.30നും മധ്യേ തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു മണ്ഡലപൂജ. കലശം, കളഭാഭിഷേകം എന്നിവയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
ഇതിനു മുന്നോടിയായി രാവിലെ 9.30ന് നെയ്യഭിഷേകം നിര്‍ത്തിവച്ചു. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ കളഭം പൂജിച്ചു. ബ്രഹ്‌മകലശത്തില്‍ കളഭം നിറച്ച് പൂജകള്‍ പൂര്‍ത്തിയാക്കി നീരാഞ്‌ജനമുഴിഞ്ഞ് ഭഗവാന് 25 കലശമാടി. ക്ഷേത്രത്തിനു വലംവച്ച് ബ്രഹ്‌മകലശം ശ്രീകോവിലിനുള്ളില്‍ അഭിഷേകം നടത്തി. തങ്കഅങ്കി ചാര്‍ത്തി കര്‍പ്പൂര ദീപപ്രഭയില്‍ മണ്ഡലപൂജയ്‌ക്കായി തിരുനട തുറന്നതോടെ ശരണംവിളികള്‍ ഉയര്‍ന്നു.
രാത്രി 11 ന് ഹരിവരാസനം പാടി ഭഗവാനെ ധ്യാന നിദ്രയിലാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ശ്രീകോവില്‍ നടയടച്ചു. ഇനി മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 14 നാണ് മകരവിളക്ക്.