-->
തിരൂര്‍: 2026ലെ തുഞ്ചന്‍ ഉത്സവം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ജനുവരി രണ്ടുമുതല്‍ ആറു വരെ നടക്കും. രണ്ടിന് രാവിലെ 10ന് തമിഴ് സാഹിത്യകാരന്‍ എസ്. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് എം.ടി. വേദി എന്ന് കെ. ജയകുമാര്‍ നാമകരണം ചെയ്ും. പുസ്‌തകോത്സവം എം.പി .അബ്‌ദുസമദ് സമദാനി എം.പി. ഉദ്‌ഘാടനം ചെയ്ും. കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ. വിശിഷ്‌ടാതിഥിയാവും. ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും.
11:30ന് നിര്‍മിതബുദ്ധിയിലെ ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ കെ. ജയകുമാര്‍ തുഞ്ചന്‍ സ്‌മാരക പ്രഭാഷണം നടത്തും.12.30ന് കോളജ് വിദ്യാര്‍ഥികള്‍ക്കായി ദ്രുതകവിതാരചനാ മത്സരവും രണ്ടിന് ആകാശവാണിയുടെ കവി സമ്മേളനവും നടക്കും. ചലച്ചിത്രോത്സവം 3.30ന് ഫാസില്‍ മുഹമ്മദും തുഞ്ചന്‍ കലോത്സവം ആറിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഉദ്‌ഘാടനം ചെയ്ും. ഫെമിനിച്ചി ഫാത്തിമ സിനിമ പ്രദര്‍ശിപ്പിക്കും. രാഖി സതീഷിന്റെ ഭരതനാട്യവും വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടവുമാണ് കലാപരിപാടികള്‍.
മൂന്നിന് രാവിലെ എട്ടിന് എഴുത്താണി എഴുന്നള്ളിപ്പ്. തുടര്‍ന്ന് മലയാളിയുടെ ഭാവി എന്ന വിഷയത്തില്‍ സക്കറിയ പ്രഥമ എം.ടി. സ്‌മാരക പ്രഭാഷണം നടത്തും. 10.30ന് തുടങ്ങുന്ന സാഹിത്യത്താല്‍ ഭൂലോകത്തെ ഐക്യപ്പെടുത്തുക എന്ന ദേശീയ സമ്മേളനം സാറാ ജോസഫ് ഉദ്‌ഘാടനം ചെയ്ും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാറില്‍ കെ.പി. രാമനുണ്ണി അധ്യക്ഷനാവും. സുകൃത റാണി (തമിഴ്), കവിത കാര്‍മാര്‍ക്കര്‍ (അസമീസ്), ദര്‍ഭശയനം ശ്രീനിവാസാചാര്യ (തെലുങ്ക്), ഷാഫി ഷൗഖ് (കശ്‌മീരി), എ.ജെ. തോമസ്, സുധാകരന്‍ രാമന്തളി, കെ.ഇ.എന്‍, സാബു കോട്ടുക്കല്‍ പ്രസംഗിക്കും. 4.30ന് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്‌ത യവനിക പ്രദര്‍ശിപ്പിക്കും. ഗസല്‍ പരിപാടി റാസാ ലൈവ് ഏഴിന് തുടങ്ങും.
നാലിന് രാവിലെ സുഭാഷ് ചന്ദ്രനും കൈകസിയുമായുള്ള മുഖാമുഖം നടക്കും. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയുള്ള വള്ളത്തോളിന്റെ കാവ്യലോകം സെമിനാറില്‍ എസ്.കെ. വസന്തന്‍, ഡോ. എം.എം. ബഷീര്‍, ശ്രീദേവി പി. അരവിന്ദ്, രാജേന്ദ്രന്‍ എടത്തുംകര, റഫീഖ് ഇബ്രാഹിം പ്രബന്ധാവതരണം നടത്തും. വൈകിട്ട് 3.30ന് ഇന്ത്യന്‍ മതനിരപേക്ഷത: വീണ്ടെടുപ്പിന്റെ വഴി എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും. അരവിന്ദന്റെ വാസ്‌തുഹാര സിനിമ പ്രദര്‍ശിപ്പിക്കും.
അക്ഷരശ്ലോക സദസ്സും ഉണ്ടാകും. 7.30ന് സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ട് അരങ്ങേറും. അഞ്ചിന് രാവിലെ മാതൃഭാഷയിലെ സാംസ്‌കാരിക മുദ്രകള്‍ എന്ന വിഷയത്തില്‍ ഡോ. സി.ആര്‍. പ്രസാദ് സംസാരിക്കും.11ന് തുടങ്ങുന്ന പാട്ടെഴുത്തിലെ കവിതക്കാലം എന്ന സെമിനാറില്‍ പി.കെ. ഗോപി, എം.ഡി. രാജേന്ദ്രന്‍, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍, അജീഷ് ദാസന്‍ പങ്കെടുക്കും. 3.30ന് വായനയിലെ ലഘുത്വവും ഗുരുത്വവും എന്ന വിഷയത്തില്‍ പി.വി. ഷാജി കുമാര്‍, ജിസ ജോസ്, മുഹമ്മദ് അബ്ബാസ്, ഷീലാ ടോമി, ലിജീഷ് കുമാര്‍ പ്രസംഗിക്കും. അഞ്ചിന് മൊഴിയഴക് ഡോക്യുമെന്ററി, ആറിന് കെ.പി. കുമാരന്റെ രുഗ്മിണി സിനിമ എന്നിവ പ്രദര്‍ശിപ്പിക്കും. കോട്ടയ്‌ക്കല്‍ പി.എസ്.വി. നാട്യസംഘത്തിന്റെ ദക്ഷയാഗം കഥകളിയും അരങ്ങേറും.ആറിന് രാവിലെ റെയില്‍വേ അനുഭവങ്ങളെപ്പറ്റി വൈശാഖനും ടി.ഡി. രാമകൃഷ്‌ണനും തമ്മിലുള്ള സംഭാഷണമാണ്. 11ന് നിര്‍മ്മിതബുദ്ധിക്കാലത്തെ സര്‍ഗാത്മകത എന്ന വിഷയത്തില്‍ ജെ. പ്രഭാഷ്, എന്‍.ഇ. സുധീര്‍, രാംമോഹന്‍ പാലിയത്ത്, ടി.വി. സുനിത, എന്‍.ജി. നയനതാര പ്രസംഗിക്കും. രണ്ടിന് നിര്‍മ്മിത വാര്‍ത്ത : ശരിയും തെറ്റും എന്ന വിഷയത്തിലുള്ള സെമിനാറില്‍ കെ.കെ. ഷാഹിന, എന്‍. സുസ്‌മിത, സനീഷ് ഇളയിടത്ത്, അഭിലാഷ് മോഹനന്‍, കെ.വി. മധു, പി.കെ. ശ്യാം കൃഷ്‌ണന്‍ പങ്കെടുക്കും. നാലിന് രാമു കാര്യാട്ടിന്റെ ചെമ്മീന്‍ പ്രദര്‍ശിപ്പിക്കും. സമാപന സമ്മേളനം വൈശാഖന്റെ അധ്യക്ഷതയില്‍ നാടക കലാകാരന്‍ ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്ും. തിരുവനന്തപുരം അജന്ത തിയേറ്റര്‍ ഗ്രൂപ്പിന്റെ വംശം നാടകം ഏഴിന് നടക്കും. പത്രസമ്മേളനത്തില്‍ തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റ് അംഗങ്ങളായ പി. കൃഷ്‌ണന്‍കുട്ടി മാസ്‌റ്റര്‍, അഡ്വ. എം. വിക്രമകുമാര്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. ശ്രീകുമാര്‍, സൂപ്രണ്ട് ടി.പി. സുബ്രഹ്‌മണ്യന്‍ സംബന്ധിച്ചു.