-->
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തില്‍
യു.ഡി.എഫിന് അട്ടിമറി വിജയം. പത്തു വര്‍ഷമായി ബി.ജെ.പി. കുത്തകയാക്കിവച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസിലെ റോസിലി ജോയി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചതോടെയാണു വിജയിയെ തീരുമാനിക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. രണ്ടു മെമ്പര്‍മാരുള്ള എല്‍.ഡി.എഫ്. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഇതോടെയാണ് ഇരു മുന്നണികളും തുല്യ നിലയിലായത്. 2020ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു മൂന്നും ബി.ജെ.പിക്ക് ആറും എല്‍.ഡി.എഫിന് അഞ്ചും
സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ യു.ഡി.എഫും ബി.ജെ.പിയും ഏഴു സീറ്റ് വീതം നേടി.