-->
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും ഒന്നിച്ചു നില്‍ക്കുന്ന എ.ഐ. ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ വീട് വളഞ്ഞ് കസ്‌റ്റഡിയിലെടുത്ത കെ.പി.സി.സി. രാഷ്‌ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ വിട്ടയച്ചു.
സാമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ഇന്നലെ രാവിലെ ചേവായൂര്‍ പോലീസ് എന്‍. സുബ്രഹ്‌മണ്യനെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. താന്‍ ചെയ്‌തത് വലിയ കുറ്റമല്ലെന്നും പിന്നീട് സ്‌റ്റേഷനില്‍ ഹാജരാകുമെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞതോടെ പോലീസ് കസ്‌റ്റഡിയെലടുക്കുകയായിരുന്നു. തുടര്‍ന്ന് രക്‌തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്ന് സുബ്രഹ്‌മണ്യനെ സ്വകാര്യ ആശുപത്രിയിലാക്കി. പിന്നീട് ചേവായൂര്‍ സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷമാണ് സ്വന്തം ജാമ്യത്തില്‍ സുബ്രഹ്‌മണ്യനെ പോലീസ് വിട്ടയച്ചത്.
അതിനിടെ ചേവായൂര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെത്തുടര്‍ന്നാണ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഉള്ള എ.ഐ. ഫോട്ടോ അല്ല യഥാര്‍ഥ ഫോട്ടോയാണ് താന്‍ പോസ്‌റ്റ് ചെയ്‌തതെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. തനിക്ക് പങ്കില്ലാത്ത കാര്യത്തില്‍ രാഷ്‌ട്രീയപ്രേരിതമായ നടപടികളാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും ജാമ്യം ലഭിക്കാവുന്ന കേസില്‍ ആദ്യമായാണ് ഒരാളെ വീടുവളഞ്ഞ് കസ്‌റ്റഡിയിലെടുക്കുന്നതെന്നും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. സുബ്രഹ്‌മണ്യന് എല്ലാ പിന്തുണയും നല്‍കുമെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.