Sunday, March 15, 2026 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.51 AM

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

uploads/news/2025/12/817782/2.jpg

തൃശൂര്‍: പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പറേഷന്‍ ഭരണം യു.ഡി.എഫ്‌. തിരിച്ചുപിടിച്ചതിനു പിന്നാലെ മേയര്‍ പദവിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
ഡി.സി.സി. അധ്യക്ഷന്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ തയാറാകാത്തതിനാലാണ്‌ തന്നെ മേയര്‍ പദവിയില്‍നിന്നു തഴഞ്ഞതെന്നാരോപിച്ച്‌ മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജെയിംസ്‌. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെസ്‌റ്റിനും ഭര്‍ത്താവും പെട്ടിയുമായി സമീപദിവസങ്ങളില്‍ നഗരത്തിലൂടെ കറങ്ങുകയായിരുന്നെന്നും ലാലി ആരോപിച്ചു.
മേയര്‍ നിര്‍ണയത്തില്‍ പണം ഘടകമായെന്ന ഗുരുതര ആരോപണമാണ്‌ ലാലൂര്‍ ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലര്‍ ലാലി ജെയിംസ്‌ പരസ്യമായി ഉന്നയിച്ചത്‌. ഡി.സി.സി. അധ്യക്ഷന്‍ ജോസഫ്‌ ടാജറ്റ്‌ പാര്‍ട്ടിയുടെ പേരില്‍ തന്നോട്‌ പണം ആവശ്യപ്പെട്ടെന്നും ലാലി ആരോപിച്ചു. പൊതുപ്രവര്‍ത്തനത്തിനായി ഒരു പണം പോലും ചെലവാക്കാന്‍ കഴിവില്ല. താന്‍ മേയര്‍ സ്‌ഥാനം ആഗ്രഹിച്ചതു പാര്‍ട്ടിയും ജനപിന്തുണയും ഉള്ളതുകൊണ്ടാണ്‌. മേയര്‍ സ്‌ഥാനം ലഭിക്കുന്നതിനായി നിജിയും ഭര്‍ത്താവും പണമിടപാടുകള്‍ നടത്തിയെന്നാണ്‌ തനിക്കു ലഭിച്ച വിവരമെന്നും ലാലി മാധ്യമങ്ങളോടു പറഞ്ഞു.
തന്നെ തഴഞ്ഞ്‌ നിജിയെ മേയറാക്കാന്‍ ചരടുവലിച്ചത്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ്‌ മുന്‍ഷിയുമാണെന്ന ആരോപണത്തിലൂടെ ഹൈക്കമാന്‍ഡിനേയും ലാലി വിവാദത്തിലുള്‍പ്പെടുത്തി. പ്രവര്‍ത്തനരംഗത്തും സമരമുഖങ്ങളിലുമൊന്നും കാണാത്ത നിജിയെമേയറാക്കിയതിലൂടെ ഭരണം നിയന്ത്രിക്കാനാണ്‌ മുന്‍പ്രതിപക്ഷനേതാവും മുതിര്‍ന്ന
കൗണ്‍സിലറുമായ രാജന്‍ പല്ലന്‍ ശ്രമിക്കുന്നതെന്നും ലാലി ആരോപിച്ചു. പരസ്യപ്രതികരണത്തിന്റെ പേരില്‍ തനിക്കെതിരേ നടപടിയെടുത്താല്‍ മുതിര്‍ന്നനേതാക്കള്‍ക്കെതിരേ സാമ്പത്തികപരമായും അല്ലാത്തതുമായ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കി.
മേയര്‍ സ്‌ഥാനത്തേക്കു തന്നെയാണ്‌ തീരുമാനിച്ചിരുന്നതെന്ന്‌ ലാലി അവകാശപ്പെട്ടു. എന്നാല്‍, ഡി.സി.സി. അധ്യക്ഷന്‍ അതിനായി പണം ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുവേണ്ടിയാണ്‌ പണമെന്നാണ്‌ വിശദീകരിച്ചത്‌. എന്നാല്‍, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പണത്തിന്റെ പേരില്‍ തഴയരുതെന്ന നിലപാടാണ്‌ താന്‍ സ്വീകരിച്ചത്‌. തുടര്‍ന്നാണ്‌ ഡോ. നിജി
ജസ്‌റ്റിനെ മേയറായി നിശ്‌ചയിച്ചത്‌. ഇതിനിടെയാണ്‌ നിജിയും ഭര്‍ത്താവും കാറില്‍ പെട്ടിയുമായി നഗരത്തില്‍ കറങ്ങിയത്‌. കഴിഞ്ഞ 10 വര്‍ഷം എല്‍.ഡി.എഫ്‌. ഭരണത്തിനെതിരേ താനടക്കം സമരമുഖത്തായിരുന്നപ്പോള്‍ നിജി ചിത്രത്തിലില്ലായിരുന്നു. പെട്ടെന്ന്‌ വന്ന്‌ തെരഞ്ഞെടുപ്പില്‍ സീറ്റും മേയര്‍ സ്‌ഥാനവും നിജി തരപ്പെടുത്തിയതിനു പിന്നില്‍ കോഴ ഇടപാടുണ്ടെന്നുതന്നെ കരുതുന്നതായും ലാലി ആരോപിച്ചു.

Ads by Google
Saturday 27 Dec 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW