-->
കോട്ടയം: കെ.എം. മാണിയുടെ പര്യായമായി കേരളഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ട പാലായില്‍ അരനൂറ്റാണ്ടിനിടെ ആദ്യമായി കേരളാ കോണ്‍ഗ്രസ് (എം) പ്രതിപക്ഷത്ത്! രൂപീകൃതമായതു മുതല്‍ പാലായുടെ ഭരണം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുവരെ യു.ഡി.എഫിന്റെ ഭാഗമായും 2020-ല്‍ ഇടതുമുന്നണിയുടെ ഭാഗമായും പാര്‍ട്ടി പാലാ നഗരസഭ ഭരിച്ചു.
കേരളാ കോണ്‍ഗ്രസ് (എം) ഒപ്പമെത്തിയതോടെ ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ്. പാലാ നഗരസഭയില്‍ ഭരണത്തിലേറുകയും ചെയ്‌തു. എന്നാല്‍, ഇത്തവണ ആ മേല്‍ക്കൈ നഷ്‌ടപ്പെട്ടതു കേരളാ കോണ്‍ഗ്രസി(എം)നാണ് കൂടുതല്‍ കടുത്ത ആഘാതമായത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ രാഷ്‌ട്രീയശത്രുവായ മുന്‍ സി.പി.എം. നേതാവ് ബിനു പുളിക്കക്കണ്ടം നേടിയ വന്‍വിജയവും ബിനുവിന്റെ മകള്‍ ദിയ നഗരസഭാധ്യക്ഷയായതും ആ ആഘാതത്തിന്റെ കാഠിന്യം കൂട്ടി. മദ്രാസ് ക്രിസ്‌ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടിയശേഷം എം.ബി.എ. പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കന്നിമത്സരത്തില്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കുക മാത്രമല്ല, രാജ്യത്തെതന്നെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയെന്ന ചരിത്രനേട്ടവും കരസ്‌ഥമാക്കി. 2020-ല്‍ സി.പി.എം. പ്രതിനിധിയായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക അംഗമായിരുന്നു ബിനു. ജോസ് കെ. മാണിയുടെ കടുത്ത വിമര്‍ശകനായിരുന്ന ബിനുവിന് അതുകൊണ്ടുതന്നെ നഗരസഭാധ്യക്ഷസ്‌ഥാനം നല്‍കാന്‍ സി.പി.എം തയാറായില്ല. ഇതോടെ, കേരളാ കോണ്‍ഗ്രസിനും ജോസിനുമെതിരേ ശക്‌തമായി രംഗത്തെത്തിയ ബിനുവിനെ സി.പി.എം. പുറത്താക്കി. മകള്‍ ദിയ പാലാ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് തനിക്കു സ്‌ഥാനം നിഷേധിച്ചവരോടുള്ള മധുരപ്രതികാരമാണെന്നായിയിരുന്നു ബിനുവിന്റെ പ്രതികരണം. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും മത്സരിച്ച വാര്‍ഡുകളില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ജയിച്ചാല്‍ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ യു.ഡി.എഫിനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേരളാ കോണ്‍ഗ്രസി(എം)ന് ഭരണം നഷ്‌ടമാകാതിരിക്കാന്‍ ദിയയെ നഗരസഭാധ്യക്ഷയാക്കാമെന്ന വാഗ്‌ദാനം സി.പി.എമ്മും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, യു.ഡി.എഫിന്റെ പിന്തുണ മതിയെന്ന് പുളിക്കക്കണ്ടം സഹോദരന്‍മാര്‍ തീരുമാനിച്ചു.