-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പരാമര്‍ശിക്കപ്പെട്ട വിവാദവ്യവസായി 'ഡി. മണി'യെന്നു സംശയിക്കുന്ന എം.എസ്. മണിയെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെത്തി പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യംചെയ്‌തു. താന്‍ ഡി. മണിയല്ല, എം.എസ്. മണിയാണെന്നും താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ സിം പ്രതികളില്‍ ഒരാളുടെ ഫോണില്‍ ഉണ്ടായിരുന്നെന്നുമാണ് ഇയാളുടെ മൊഴി. ഇത് പൂര്‍ണവിശ്വാസത്തിലെടുക്കാത്ത എസ്.ഐ.ടി. ചോദ്യംചെയ്യലിനായി തിരുവനന്തപുരത്ത് എത്താന്‍ മണിക്കു നോട്ടീസ് നല്‍കി.
മണിയുടെ സഹായി ശ്രീകൃഷ്‌ണനെയും എസ്.ഐ.ടി. നേരത്തേ ചോദ്യംചെയ്‌തിരുന്നു. ഡി. മണിയുടെ സംഘം കേരളത്തിലെ ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍മോഷണങ്ങള്‍ ആസൂത്രണം ചെയ്‌തിരുന്നെന്നാണ് ഒരു വ്യവസായി എസ്.ഐ.ടിയോട് നടത്തിയ വെളിപ്പെടുത്തല്‍. 1000 കോടിയോളം രൂപയുടെ തട്ടിപ്പാണ് ലക്ഷ്യമിട്ടതെന്നും, ശബരിമലയ്‌ക്കു പുറമേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവര്‍ച്ചയ്‌ക്കു പദ്ധതിയിട്ടിരുന്നെന്നുമാണ് എസ്.ഐ.ടിക്കു ലഭിച്ച വിവരം. ശബരിമലയില്‍നിന്നു കടത്തിയ പഞ്ചലോഹവിഗ്രഹങ്ങള്‍ രാജ്യാന്തര പുരാവസ്‌തുക്കടത്ത് ശൃംഖലയ്‌ക്കു വിറ്റതായും വ്യവസായി മൊഴി നല്‍കിയതായാണ് സൂചന.
താന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ മാത്രമാണെന്നും സ്വര്‍ണത്തിന്റെ ഇടപാടില്ലെന്നുമാണ് ഡിണ്ടിഗലില്‍ നടന്ന ചോദ്യംചെയ്യലില്‍ എം.എസ്. മണി പറഞ്ഞത്. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍, താന്‍ പറഞ്ഞ ഡി. മണിതന്നെയാണ് ഇയാളെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചുപറഞ്ഞതോടെയാണ് എസ്.ഐ.ടി. കൂടുതല്‍ ചോദ്യംചെയ്യലിനായി നോട്ടീസ് നല്‍കിയത്.