-->
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി. നേതാവ് വി.വി. രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് സംസ്‌ഥാനത്ത് ഒരു മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നത്. യു.ഡി.എഫ്. ആദ്യമായി ഭരണം പിടിച്ച കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസിലെ എ.കെ. ഹഫീസ് മേയറായി. തൃശൂരില്‍ നിജി ജസ്‌റ്റിന്‍ (കോണ്‍ഗ്രസ്), കൊച്ചിയില്‍ വി.കെ. മിനിമോള്‍ (കോണ്‍ഗ്രസ്), കണ്ണൂരില്‍ പി. ഇന്ദിര (കോണ്‍ഗ്രസ്), കോഴിക്കോട്ട് ഒ. സദാശിവന്‍ (സി.പി.എം.) എന്നിവര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്‌ണന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി-50, സ്വതന്ത്രന്‍-1. കോണ്‍ഗ്രസിന്റെ രണ്ടു വോട്ടുകള്‍ അസാധുവായി. കെ.ആര്‍. ക്ലീറ്റസ് (നന്തന്‍കോട് ) , എസ്. ലതിക (വെങ്ങാനൂര്‍ ) എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഒപ്പിട്ടതിലെ പിഴവാണ് കാരണം. കോണ്‍ഗ്രസ് വിമതനായി പൗണ്ട്‌കടവില്‍ മത്സരിച്ചു വിജയിച്ച സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പിന് തൊട്ടു മുന്‍പായി, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്‌ഞ ചെയ്‌തതിലെ ചട്ടലംഘനം സി.പി.എം. കൗണ്‍സിലര്‍ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്‌ടര്‍ നിരസിച്ചു. സത്യപ്രതിജ്‌ഞയ്‌ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നെന്നു കലക്‌ടര്‍ അനുകുമാരി പറഞ്ഞു. സത്യപ്രതിജ്‌ഞ കഴിഞ്ഞ് ഫോമുകളില്‍ ഒപ്പിടുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്‌തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കലക്‌ടര്‍ പറഞ്ഞു. തുടര്‍ന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.
കൊച്ചിയില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.കെ. മിനിമോളെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ദീപ്‌തി മേരി വര്‍ഗീസ് ഷാളണിയിച്ച് അഭിനന്ദിച്ചു. എന്നാല്‍, മേയര്‍ സ്‌ഥാനത്തേക്ക് അവകാശമുന്നയിച്ചിരുന്ന ദീപ്‌തി സത്യപ്രതിജ്‌ഞാച്ചടങ്ങില്‍ പങ്കെടുത്തില്ല.
മിനിമോള്‍ക്ക് 48 വോട്ടുകള്‍ കിട്ടി. ഒരു സ്വതന്ത്രനും പിന്തുണച്ചു. എല്‍.ഡി.എഫ്‌്. സ്‌ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടും എന്‍.ഡി.എയ്‌ക്ക് ആറ് വോട്ടും ലഭിച്ചു. കോണ്‍ഗ്രസിലെ ദീപക് ജോയി ആണ് ഡെപ്യൂട്ടി മേയര്‍.