-->
തൃശൂര്‍: തൃശൂര്‍ മേയര്‍ തര്‍ക്കത്തില്‍ തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടിയുടേതാണെന്നും ഇക്കാര്യത്തില്‍ വൈകാരികമായിട്ടല്ല പ്രതികരിക്കേണ്ടതെന്നും തൃശൂര്‍ ഡിസിസി നേതൃത്വം വ്യക്തമാക്കി. മേയര്‍ സ്ഥാനത്തിന് പണം നല്‍കിയെന്ന ലാലി ജയിംസിന്റെ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്നും ഗുരുതരമായ ആരോപണം ഉന്നയിച്ച ലാലി ജയിംസിനെതിരേ പാര്‍ട്ടി നടപടിയെടുക്കുമെന്നും ടാജറ്റ് പറഞ്ഞു.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി എടുക്കുന്ന തീരുമാനം ഏവരും അംഗീകരിക്കേണ്ട സാഹചര്യം ഉണ്ടെന്നും പറഞ്ഞു. നേരത്തേ ലാലി ജയിംസിന്റെ ആരോപണത്തിന് മേയര്‍ സ്ഥാനാര്‍ത്ഥി നിജി ജസ്റ്റിനും രംഗത്ത് വന്നിരുന്നു. വിവാദങ്ങളില്‍ മറുപടി പറയേണ്ടത് നേതൃത്വമാണെന്നും കൂട്ടുത്തരവാദിത്വത്തോടെ മുമ്പോട്ട് പോകുമെന്നും പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ടെന്നും നിരവധി സമരങ്ങളിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും പൊതു പ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായിരുന്ന ആളാണ് താനെന്നും അവര്‍ പറഞ്ഞു. നിജി ജസ്റ്റിന്‍ മേയറായത് പണം നല്‍കിയാണെന്നും തനിക്ക് പണം ഇല്ലാത്തതിനാലാണ് സ്ഥാനം നഷ്ടമായതെന്നും പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും ആരോപണമുണ്ടെന്ന് ലാലി ജെയിംസ് കൂട്ടിച്ചേര്‍ത്തു. മേയര്‍ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചു. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാര്‍ട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളില്‍ നിജി ജസ്റ്റിന്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.
നാല് തവണ കൗണ്‍സിലറായി വിജയിച്ച ലാലി ജെയിംസിന്റെ പേര് കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഡോ. നിജി ജസ്റ്റിനെയാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. പത്തുവര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കോര്‍പ്പറേഷന്റെ ഭരണം വാങ്ങിയത്. മേയര്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി വിപ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും ലാലി കൂട്ടിച്ചേര്‍ത്തു.