-->
ഡോ. നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഡപ്യൂട്ടി മേയറാകും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തൃശൂരിലെ മേയർ തർക്കം മാധ്യമ സൃഷ്ടി മാത്രമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേര്‍ത്തു. ഉചിതമായ തീരുമാനം അതാത് സമയത്ത് ഉണ്ടാകും. ആരെയും ഒഴിവാക്കിയിട്ടില്ല. 19 വനിത കൗൺസിലർമാരുണ്ട്. എല്ലാവരും അർഹരാണ്. എന്നാല്‍ മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയുടേതാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസ് ദിനത്തില്‍ തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെമന്നും ദൈവത്തോട് നന്ദി പറയുന്നെന്നും നിജി പ്രതികരിച്ചു. സംസ്ഥാന– ജില്ലാ നേതൃത്വങ്ങളോടും നന്ദി പറയുന്നുവെന്ന് പറഞ്ഞ നിജി, കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ പേരുകളും എടുത്തുപറഞ്ഞു. കിഴക്കുംപാട്ടുകരയിലെ വോട്ടർമാർക്ക് നന്ദിയുണ്ടെന്നും കോർപ്പറേഷനിൽ കൂട്ടായ പ്രവർത്തനം ഉണ്ടാകുമെന്നും നിജി ജസ്റ്റിൻ പറഞ്ഞു. 100 വർഷത്തിന് ശേഷമാണ് തൃശൂർ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഡോക്ടർ എത്തുന്നത്. അതും ഇരട്ടി മധുരമാണ്. 5 വർഷം കൊണ്ട് തൃശൂർ നഗരത്തിന്റെ വികസനത്തിന് പുതിയ മുഖം ഉണ്ടാകുമെന്നും നിജി ജസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.