-->
ന്യൂഡൽഹി: സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കടമെടുപ്പ് പരിധിയിൽ 5944 കോടി രൂപ വെട്ടിക്കുറവുണ്ടായെന്നും ഇത് സംസ്ഥാനത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രിയെ അറിയിച്ചതായി ബാലഗോപാൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻതോതിൽ പണം ചെലവഴിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ നടപടി കടുത്ത തിരിച്ചടിയാണ്. ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധിക വായ്പയെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കടമെടുപ്പു പരിധി കുറച്ചത്.
വിവിധ ഘട്ടങ്ങളിലായി നടപ്പുസാമ്പത്തികവർഷം 17,000 കോടി രൂപയാണ് കടമെടുപ്പു പരിധിയിൽ കേന്ദ്രം വെട്ടിക്കുറച്ചതെന്ന് ബാലഗോപാൽ പറഞ്ഞു. ന്യായമായ ആവശ്യങ്ങൾ അനുവദിച്ചുതരാതിരിക്കാൻ കേരളത്തിലെ ജനങ്ങൾ എന്തു പാതകമാണ് ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. 3 മാസത്തേക്കു കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയിൽനിന്നാണ് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.
മുഖ്യമന്ത്രി ധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ട കാര്യങ്ങൾ വീണ്ടും ധരിപ്പിച്ചു. തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഐജിഎസ്ടി വലിയ കുറവ് വരുന്നു എന്ന കാര്യം അറിയിച്ചു. സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുത്താൻ ശ്രമം നടന്നു. ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഉണ്ടായ സംസ്ഥാനമായി കേരളം മാറി. ജിഎസ്ടി പെർഫോമൻസിലും കേരളം ആദ്യ അഞ്ചിലാണ് ഉള്ളത്. സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്. കേരളത്തെ ദ്രോഹിക്കാൻ എന്ത് പാതകമാണ് ചെയ്തത്. കോൺഗ്രസ് സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുകയാണ് ചെയ്തത്. ബിജെപി പ്രചാരണം നടത്തുന്നതുപോലെ 125 ദിവസം തൊഴിൽ കൊണ്ടുവരില്ല. ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ജനങ്ങൾ മുട്ടുമടക്കില്ല. കേരളത്തിന് ലഭിക്കാനുള്ള കാര്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.