-->
പന്തളം: തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാന്‍ പുണര്‍തംനാള്‍ നാരായണവര്‍മ്മയെ രാജപ്രതിനിധിയായി തെരഞ്ഞെടുത്തു.
അടുത്ത മാസം 12-ന് പന്തളത്തുനിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായാണ് ഇദ്ദേഹത്തെ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മ്മ വലിയരാജ നിയോഗിച്ചത്. പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ പരേതയായ തിരുവോണംനാള്‍ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ.എന്‍. നാരായണന്‍ നമ്പൂതിരിയുടെയും മകനാണ് നാരായണവര്‍മ്മ. അഡ്വക്കേറ്റ് ജനറല്‍സ് ഓഫീസില്‍ അണ്ടര്‍ സെക്രട്ടറിയായി വിരമിച്ച ശേഷം പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറിയായി 2016 മുതല്‍ 2023 വരെ പ്രവര്‍ത്തിച്ചു.
പന്തളം കൊട്ടാരത്തിലെ പാലസ് വെല്‍ഫയര്‍ സൊസൈറ്റിയുടെ സ്‌ഥാപക അംഗവും മുന്‍ ഖജാന്‍ജിയും വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര ഉപദേശക സമിതിയില്‍ കൊട്ടാരം പ്രതിനിധിയും ആണ്. ശബരിമല അയ്യപ്പ സേവാ സമാജം സംസ്‌ഥാന അധ്യക്ഷനാണ്. ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവര്‍ത്തിച്ചു വരുന്നു. ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്‌ഥാപകാംഗവും രക്ഷാധികാരിയും കൂടിയാണ്. രാജലക്ഷ്‌മി വര്‍മ്മ(വൈക്കം, റിട്ട: എസ്.ബി.ഐ) സഹധര്‍മ്മിണിയാണ്.